ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലും രാഹുൽ ഗാന്ധി തെലങ്കാനയിലും ഇന്ന് പ്രചാരണം നടത്തും
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 94 ലോക്‌സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിൽ പതിനൊന്നും ഉത്തർപ്രദേശിൽ പത്തും സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്- രജൗറി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മെയ് ഏഴിൽ നിന്ന് മെയ് 25ലേക്ക് മാറ്റിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്ത് ഉണ്ട്. സൂറത്തിൽ എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം പ്രചാരണം ശക്തമാക്കി മുന്നോട്ടു പോവുകയാണ് ഇൻഡ്യ സഖ്യവും എൻ.ഡി.എയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലും ഒഡീഷയിലും പ്രചാരണം നടത്തും. രാഹുൽ ഗാന്ധി തെലങ്കാനയിലാണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുക. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിങ് ശതമാനം കുറഞ്ഞതിൽ ബി.ജെ.പി ആശങ്കയിലാണ്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ഒന്നാംഘട്ടത്തിൽ 66.14 ശതമാനവും രണ്ടാംഘട്ടത്തിൽ 66.71 ശതമാനവുമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്.