ചരിത്ര പാഠപുസ്തകങ്ങളില്‍ മുഴുവന്‍ അധിനിവേശക്കാര്‍, ഇന്ത്യന്‍ രാജാക്കന്മാരെ കുറിച്ച് ഒന്നുമില്ല: അക്ഷയ് കുമാര്‍

'നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ'

Update: 2022-06-01 11:04 GMT
Advertising

ഇന്ത്യൻ രാജാക്കന്മാരെ കുറിച്ച് ചരിത്ര പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നില്ലെന്ന് നടന്‍ അക്ഷയ് കുമാര്‍. എന്നാൽ പുസ്തകങ്ങളില്‍ മുഴുവന്‍ അധിനിവേശക്കാരെ കുറിച്ചാണ് പറയുന്നതെന്നും അക്ഷയ് കുമാര്‍ ആരോപിച്ചു. പൃഥ്വിരാജ് ചൗഹാനെ കുറിച്ചുള്ള സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്‍റെ പ്രതികരണം.

"നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ. നമ്മുടെ സംസ്കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെ കുറിച്ചും ചരിത്ര പുസ്തകങ്ങളിൽ ഒന്നും തന്നെയില്ല. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് എഴുതാൻ ആരുമില്ല. എന്നാൽ അധിനിവേശക്കാരെ കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുന്നു. നമുക്ക് മുഗളന്മാരെക്കുറിച്ച് അറിയണം. പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം. ഇക്കാര്യത്തില്‍ സമതുലിതാവസ്ഥ വേണം"- അക്ഷയ് കുമാർ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യൻ സിനിമാ വ്യവസായം ആഗോളതലത്തിൽ എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി അക്ഷയ് കുമാര്‍ പ്രകാശിപ്പിച്ചു- "അന്താരാഷ്ട്ര തലത്തിൽ നമ്മളെ ഇത്രയും ഉയരങ്ങളില്‍ എത്തിച്ച നമ്മുടെ പ്രധാനമന്ത്രിക്ക് നന്ദി. നമ്മുടെ രാജ്യത്തെ കാര്യങ്ങൾ മാറുകയാണ്".

അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി വരാണാസിയിലെ ഗംഗാതീരത്ത് എത്തിയ അക്ഷയ് കുമാര്‍ ആരതി ഉഴിയുകയും ഗംഗയില്‍ മുങ്ങുകയും ചെയ്തു. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ് വേള്‍ഡ് മാനുഷി ചില്ലറും മറ്റ് അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡെ തുടങ്ങിയവരുമുണ്ട്. ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ടതാണ്. 

Summary- Indian kings hardly find any mention in history textbooks whereas invaders occupy a major chunk, claimed actor Akshay Kumar today while speaking on his upcoming movie based on emperor Prithviraj Chauhan

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News