തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് 8889 കോടി രൂപയുടെ കള്ളപ്പണവും ലഹരി മരുന്നും, മുന്നിൽ ഗുജറാത്ത്
ഏകദേശം 5.39 കോടി ലിറ്റർ മദ്യമാണ് പിടികൂടിയതെന്നാണ് കണക്കുകൾ പറയുന്നു
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ രാജ്യത്തുട നീളം 8889 കോടി രൂപയുടെ കള്ളപ്പണം, മയക്കുമരുന്ന്, മദ്യം, സമ്മാനങ്ങൾ എന്നിവ പിടിച്ചെടുത്തതായി കണക്കുകൾ. മാർച്ച് 1 മുതൽ മെയ് 18 വരെയുള്ള കണക്കുകളാണിത്. വോട്ടർമാരെ സ്വാധീനിക്കാനായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ഒഴുക്കിയതാണ് ഇവയെല്ലൊം. 75 വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഏറ്റവും വലിയ വേട്ടയാണിത്.
പിടിച്ചെടുത്തവയിൽ 45ശതമാനവും ലഹരിമരുന്നാണ്. 3959.85 കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. 2,006.56 കോടി രൂപയുടെ ഗിഫ്റ്റുകളും, 814 കോടി രൂപയുടെ മദ്യങ്ങളും പിടികൂടി. ഏകദേശം 5.39 കോടി ലിറ്റർ മദ്യമാണ് പിടികൂടിയതെന്നാണ് കണക്കുകൾ. പണമായി 849 കോടി രൂപയും പിടികൂടിയിട്ടുണ്ട്. 1260.33 കോടി രൂപയുടെ വിലയേറി ലോഹങ്ങളാണ് പിടികൂടിയെന്നും കണക്കുകൾ പറയുന്നു.
ഏറ്റവും കൂടുതൽ ലഹരിവസ്തുക്കൾ പിടികൂടിയത് ഗുജറാത്തിൽ നിന്നാണ് .1187.8 കോടി രൂപയുടെ ലഹരിയാണ് ഇവിടെ നിന്ന് മാത്രം പിടികൂടിയത്. ഇക്കുറി ലഹരിമരുന്ന് വേട്ടക്ക് പ്രത്യേക ഊന്നൽ നൽകിയതായി കമീഷൻ അറിയിച്ചു. ഗുജറാത്തിൽ നിന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 892 കോടിരൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്ക്വാഡും നാർകോട്ടിക് കൺട്രോൾ ബ്യൂറയും ഇന്ത്യൻ കോസ്റ്റ്ഗാർഡും നടത്തിയ സംയുക്ത പരിശോധനയിലാണ് വൻ വേട്ട നടന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സിവിജിൽ ആപ്പ് വഴി 4.24 ലക്ഷത്തിലധികം പരാതികൾ ലഭിച്ചതായും അവയിൽ 99.9 ശതമാനവും തീർപ്പാക്കിയതായും കമ്മീഷൻ വെളിപ്പെടുത്തി.