'പുതിയ ഉപാധിവച്ച് കോടതിവിധി വിഫലമാക്കുന്നോ?'; മഅ്ദനി കേസിൽ കർണാടക സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി
കേരളത്തിൽ വരാന്‍ സുരക്ഷാ ചെലവിനായി വൻതുക ഈടാക്കാനുള്ള തീരുമാനത്തിനെതിരെ മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു
ഡല്‍ഹി:കർണാടക സർക്കാറിനെ വിമർശിച്ച് സുപ്രിംകോടതി. മഅ്ദനിയുടെ കേരളയാത്രക്ക് 60 ലക്ഷം കെട്ടിവെക്കണമെന്ന കർണാടക സർക്കാർ നിർദേശത്തെയാണ് സുപ്രിംകോടതി വിമർശിച്ചത്. പുതിയ ഉപാധിവെച്ച് കർണാടക സർക്കാർ കോടതി വിധി വിഫലമാക്കുകയാണോ ചെയ്യുന്നതെന്ന് സുപ്രിംകോടതി ചോദിച്ചു. ഹരജി തിങ്കളാഴ്ച്ച പരിഗണിക്കും.
കേരളത്തിൽ വരാന്‍ സുരക്ഷാ ചെലവിനായി വൻതുക ഈടാക്കാനുള്ള കര്‍ണാടക പൊലീസിന്‍റെ തീരുമാനത്തിനെതിരെ അബ്ദുന്നാസര്‍ മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നൽകുന്നതിൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് മഅ്ദനിക്കു വേണ്ടി ഹാജരായത്.
20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ നൽകാനും കർണാടക സർക്കാരിന് ഒരു പകർപ്പ് നൽകാനും കോടതി നിർദേശിച്ചു.
കർണാടകയുടേത് പക പോക്കലാണെന്ന് പി.ഡി.പി നേതാക്കള്‍ പറഞ്ഞു. മുൻപ് മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരുന്നതിനും വലിയ തുക ഈടാക്കിയിരുന്നു. അപ്പോഴും കോടതിയെ സമീപിച്ച് ഇളവ് നേടുകയായിരുന്നു.
ഏപ്രിൽ 20ന് കർണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അൻവാർശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെത്തിയത്.