രണ്ടാം ഭാര്യയുമായി തര്‍ക്കം; പിതാവ് ഏഴു വയസുകാരനായ മകനെ കൊലപ്പെടുത്തി
തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോർ ജില്ലയില്‍ രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം.
പ്രതിയെ ശശിപാൽ മുണ്ടെ (26)ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. "എന്‍റെ അനന്തരവൻ പ്രതീക് മുണ്ടെയുടെ അമ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതിനുശേഷം പ്രതീകിന്‍റെ അച്ഛൻ ശശിപാൽ മുണ്ടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പ്രതീകിന്‍റെ കാര്യത്തിൽ ശശിപാലുമായി യുവതി വഴക്കിടാറുണ്ടായിരുന്നു." പ്രതീകിന്‍റെ അമ്മാവൻ രാജേഷ് മുണ്ടെ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ശശിപാലാണ് പ്രതീകിനെ കൊലപ്പെടുത്തിയതെന്നും രാജേഷ് മുണ്ടെ പറഞ്ഞു.
കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി തേജാജി നഗർ പൊലീസിലെ സബ് ഇൻസ്പെക്ടർ എൻ .എസ് തൻവർ അറിയിച്ചു. പ്രതീകിനെ കൊലപ്പെടുത്തിയത് അച്ഛൻ ശശിപാലാണെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്.ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്യാൻ തിരച്ചിൽ ആരംഭിച്ചതായും തൻവർ കൂട്ടിച്ചേർത്തു.പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് തേജാജി നഗർ പൊലീസ് പ്രദേശവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.