ഗ്രാമം വിട്ടുപോകാൻ ഭീഷണി; മധ്യപ്രദേശിൽ മുസ്‌ലിം കുടുംബത്തിനെതിരെ ജയ് ശ്രീറാം മുഴക്കി ആക്രമണം
മധ്യപ്രദേശിൽ ഇൻഡോറിനടുത്തുള്ള ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം
മധ്യപ്രദേശിൽ മുസ്‍ലിം കുടുംബത്തിനുനേരെ ആള്‍ക്കൂട്ട ആക്രമണം. നൂറിലധികം പേരടങ്ങുന്ന സംഘമാണ് ജയ് ശ്രീ റാം മുഴക്കി വീട്ടിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. ഗ്രാമം വിട്ടുപോകാത്തതിന്റെ പേരിലാണ് അക്രമമെന്നാണ് കുടുംബം പറയുന്നത്.
മധ്യപ്രദേശിൽ ഇൻഡോറിനടുത്തുള്ള ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിനു പിന്നിൽ ജാതിപരമായ പ്രശ്‌നങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രാക്ടർ ശരിയാക്കാമെന്ന പേരിൽ കുടുംബം പണം വാങ്ങിയെന്നും എന്നാൽ കൃത്യസമയത്തിനുള്ളിൽ ട്രാക്ടർ പണിതു നൽകാത്തതുമാണ് കാരണമെന്നും പൊലീസ് പറയുന്നു.
46 വയസ്സുള്ള കുടുംബനാഥനെയാണ് സംഘം ആദ്യം അക്രമിച്ചത്. തടയാനെത്തിയ മറ്റൊരു ബന്ധുവിനെയും ഇരുമ്പ് വടിയുപയോഗിച്ച് തല്ലുകയായിരുന്നു. എത്രയും വേഗം ഗ്രാമം വിട്ടില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും സംഘം കുടുംബത്തോട് പറഞ്ഞു
എന്നാല്‍, കുടുംബത്തോട് ഗ്രാമം വിട്ടുപോകാൻ സംഘം നേരത്തെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഇവിടെനിന്നു പോകാന്‍ കുടുംബം തയ്യാറായെങ്കിലും പഞ്ചായത്ത് അധികൃതർ തടയുകയായിരുന്നു. ഇതോടെയാണ് ഭീഷണിയുമായി വീണ്ടും സംഘമെത്തിയത്.