പ്രധാനമന്ത്രിയുടെ നാല് മണിക്കൂർ മധ്യപ്രദേശ് സന്ദർശനത്തിനായി ചെലവിടുന്നത് 23 കോടി
13 കോടി ചെലവിടുന്നത് പരിപാടി നടക്കുന്ന ജംബോരി മൈതാനിയിലേക്ക് ആളുകളെ എത്തിക്കാൻ വേണ്ടിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യപ്രദേശ് സന്ദർശനത്തിനായി 23 കോടി രൂപ ചെലവിട്ട് ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. നാല് മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് ഇത്രയധികം പണം ചെലവഴിക്കുന്നത്. ഈ മാസം 15 ന് ബിർസ മുണ്ട ഭഗവാന്റെ ജൻജതിയ ഗൗരവ് ദിവസുമയി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി മധ്യപ്രദേശിൽ എത്തുന്നത്.
23 കോടിയിൽ 13 കോടി ചെലവിടുന്നത് പരിപാടി നടക്കുന്ന ജംബോരി മൈതാനിയിലേക്ക് ആളുകളെ എത്തിക്കാൻ വേണ്ടിയാണ്. ഒന്നര മണിക്കൂർ മാത്രമാണ് പ്രധാനമന്ത്രി സ്റ്റേജിൽ ചെലവിടുക. ടെന്റ്, ഡെക്കറേഷൻ, താഴികക്കുടങ്ങൾ എന്നിവയ്ക്കായി ഒൻപത് കോടി രൂപ ചെലവിടും.
ബിർസ മുണ്ടയുടെയും മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനകളെ അനുസ്മരിക്കാൻ ജൻജാതിയ ഗൗരവ് ദിവസിന്റെ ഭാഗമായി നവംബർ 15 മുതൽ 22 വരെ ദേശീയതലത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയും തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തോളം ആദിവാസികളെ പരിപാടിയിലേക്ക് എത്തിക്കാനാണ് മധ്യപ്രദേശ് സർക്കാർ നീക്കം.
സംസ്ഥാനത്തെ 47 സീറ്റുകൾ ആദിവാസികൾക്കായി സംവരണം ചെയ്തിരിക്കുന്നവയാണ്. 2008-ൽ 29 സീറ്റുകൾ ലഭിച്ച ബിജെപിക്ക് 2013 ൽ 31 ആയി വർധിച്ചു. 2018 ൽ ഇത് 16 ആയി കുറഞ്ഞു. അതേസമയം, നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ആദിവാസികൾക്കെതിരായ അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ്, 2,401 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019-ൽ ഇത് 1,922 ആയിരുന്നെങ്കിൽ 2018-ൽ 1,868 ആയിരുന്നു. രണ്ട് വർഷത്തിനിടെ ആദിവാസികൾക്കെതിരായ അതിക്രമങ്ങളിൽ 28 ശതമാനം വർധനവാണ് സംസ്ഥാനത്തുണ്ടായത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നിർമിച്ച ഹബീബ് ഗഞ്ച് റെയിൽവേ സ്‌റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 450 കോടി രൂപ മുടക്കിയാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. എത്തിച്ചേരുന്നതും പുറപ്പെടുന്നതും അടിസ്ഥാനമാക്കി യാത്രക്കാരെ വേർതിരിക്കുക, പ്ലാറ്റ്ഫോമുകൾ, ലോഞ്ചുകൾ, ഡോർമിറ്ററികൾ, വിശ്രമമുറികൾ എന്നിവയിൽ ആവശ്യത്തിന് ഇരിപ്പിടം, ഫുഡ് സോൺ, കിഡ്‌സ് സോൺ, എന്റർടെയ്ൻമെന്റ് സോൺ തുടങ്ങി നിരവധി സവിശേഷതകൾ ആധുനിക സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.