ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ റീഫണ്ട് വാ​ഗ്ദാനം ചെയ്ത് സ്വി​​ഗ്ഗി

സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഉപഭോക്താവ് ഇക്കാര്യം പങ്കുവെച്ചത്

Update: 2024-06-24 14:21 GMT
Advertising

ഹൈദരാബാദ്: സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതായി ഹൈദരാബാദ് സ്വദേശി. സ്വിഗ്ഗിയിൽ പരാതി ഉന്നയിച്ചപ്പോൾ കമ്പനി അദ്ദേഹത്തിന് 64 രൂപയാണ് റീഫണ്ട് വാഗ്ദാനം ചെയ്തത്. 318 രൂപയ്ക്കാണ് ഹോട്ടലിൽ നിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിച്ചത്. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഉപഭോക്താവ് ഇക്കാര്യം പങ്കുവെച്ചത്.

എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ബിരിയാണിയിലെ ചിക്കൻ കഷണങ്ങളിലൊന്നിൽ ഒരു പുഴുവിനെ കാണാൻ സാധിക്കും. സ്വിഗ്ഗി കസ്റ്റമർ കെയറുമായുള്ള സംഭാഷണത്തിൻ്റെ സ്‌ക്രീൻഷോട്ടും ഉപഭോക്താവ് പങ്കിട്ടു.

'ഓർഡർ നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു. വിഭവങ്ങളുടെ പാക്കേജിങ് റെസ്റ്റോറൻ്റ് മാത്രമാണ് കൈകാര്യം ചെയ്യുന്നത്. എന്നാലും നിങ്ങൾ ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താവായതിനാൽ തൃപ്തികരമല്ലാത്ത അനുഭവത്തിന് നിങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ക്ഷമാപണത്തിൻ്റെ അടയാളമെന്ന നിലയിൽ നിങ്ങൾക്ക് 64 രൂപ റീഫണ്ട് നൽകാം.'- എന്നായിരുന്നു സ്വിഗ്ഗി കസ്റ്റമർ കെയർ പ്രതിനിധിയുടെ പ്രതികരണം.

നേരത്തെ, അഹമ്മദാബാദിലെ ഒരു റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ സാമ്പാറിൽ എലിയെ കണ്ടെത്തിയതായി ഗുജറാത്ത് സ്വദേശി അവകാശപ്പെട്ടിരുന്നു. റസ്റ്റോറൻ്റ് ഉടമയോട് അദ്ദേഹം പ്രശ്നം ഉന്നയിച്ചെങ്കിലും തൃപ്തികരമല്ലാത്ത പ്രതികരണത്തെത്തുടർന്ന് വിഷയം അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗത്തിലേക്ക് നീങ്ങി. ഡിപ്പാർട്ട്മെൻ്റ് പരാതിയിൽ ഉടൻ പ്രതികരിക്കുകയും റസ്റ്റോറൻ്റ് സന്ദർശിച്ച് സീൽ ചെയ്യുകയും ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News