എൻ.സി.പി എം.പി സുപ്രിയ സൂലെയെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി; മാപ്പ് പറഞ്ഞ് ഷിൻഡെ പക്ഷം ശിവസേന
കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സത്താർ എം.പിയെ അധിക്ഷേപിക്കുകയായിരുന്നു.
മുംബൈ: എൻ.സി.പി എംപിയും പാർട്ടി അധ്യക്ഷൻ ശരത് പവാറിന്റെ മകളുമായ സുപ്രിയ സൂലെയെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി. മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന നേതാവുമായ അബ്ദുൽ സത്താർ ആണ് എം.പിയെ അധിക്ഷേപിച്ചതെന്നാണ് പരാതി.
ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് സത്താർ സുപ്രിയയെ അധിക്ഷേപിച്ചതെന്ന് സബർബൻ മുംബൈയിലെ ബോറിവാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സത്താർ എം.പിയെ അധിക്ഷേപിക്കുകയായിരുന്നു. രാജ്യത്തെ സ്ത്രീ സമൂഹത്തെയാകെയാണ് സത്താർ അധിക്ഷേപിച്ചതെന്ന് അഡ്വ. ഇന്ദേർപൽ സിങ് മുഖേന നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
'നവംബർ ഏഴിന് ലോക്ശാഹി മറാത്തി ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ മന്ത്രി അബ്ദുൽ സത്താർ സുപ്രിയെ സൂലെയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും അൺ പാർലമെന്ററി ഭാഷ ഉപയോഗിക്കുകയും ചെയ്തു'- പരാതിയിൽ പറയുന്നു.
'50 കോടിയുടെ കൈക്കൂലി ആരോപണം സംബന്ധിച്ച് ചോദിച്ചതോടെ സത്താർ മോശം വാക്കുകളിലൂടെ മറുപടി നൽകുകയായിരുന്നു. പരാമർശം ഇന്ത്യയിലെ സ്ത്രീ സമൂഹത്തെയാകെ അധിക്ഷേപിക്കുന്നതാണ്. അതിനാൽ മന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണം'- പരാതിയിൽ ആവശ്യപ്പെടുന്നു.
സംഭവം വിവാദമാവുകയും വൻ പ്രതിഷേധവുമായി എൻ.സി.പി രംഗത്തെത്തുകയും ചെയ്തതോടെ സത്താറിനു വേണ്ടി മാപ്പ് പറഞ്ഞ് ഷിൻഡെ പക്ഷ ശിവസേന രംഗത്തെത്തി.
'പാർട്ടി വക്താവ് എന്ന നിലയിൽ അബ്ദുൽ സത്താറിനു മാപ്പ് പറയുന്നു. ശരത് പവാറിനേയും അദ്ദേഹത്തിന്റെ മകൾ സുപ്രിയ സൂലെയേയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ മന്ത്രി രാജിവയ്ക്കുന്ന പ്രശ്നമില്ല'- വക്താവായ ദീപക് കേസർകർ പറഞ്ഞു.
മുൻ കോൺഗ്രസ് നേതാവായിരുന്ന അബ്ദുൽ സത്താർ 2019ലാണ് ശിവസേനയിൽ ചേരുന്നത്. തുടർന്ന് ശിവസേന പിളർന്നതോടെ ഷിൻഡെ പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ ബി.ജെ.പിയെ കൂട്ടുപിടിച്ച് ഷിൻഡെ പുതിയ സർക്കാർ രൂപീകരിച്ചതോടെ സത്താറിന് മന്ത്രിസ്ഥാനവും ലഭിച്ചു.