‘കേന്ദ്ര മന്ത്രി ബീഫ് കള്ളക്കടത്തുകാർക്ക് കൂട്ടുനിൽക്കുന്നു’; ആരോപണവുമായി മഹുവ മൊയ്ത്ര

ബീഫ് കൊണ്ടുപോകാനുള്ള അനുമതി പത്രത്തിന്റെ ചിത്രവും മഹുവ പങ്കുവെച്ചു

Update: 2024-07-09 09:47 GMT
Advertising

കൊൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത ബീഫ് കള്ളക്കടത്തുകാർക്ക് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി എം.പിയുമായ ശാന്തനു താക്കൂർ പാസ് അനുവദിച്ച് നൽകിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മൂന്ന് കിലോ ബീഫ് കൊണ്ടുപോകാൻ താക്കൂർ ഒപ്പിട്ട് നൽകിയ അനുമതി പത്രത്തിന്റെ ചിത്രവും മഹുവ ‘എക്സി’ൽ പങ്കുവെച്ചു. 

ഇതുകൂടാതെ ബീഫ് കള്ളക്കടത്തിൽ ശാന്തനു താക്കൂറിന്റെ ബന്ധം വെളിവാക്കുന്ന തൃണമൂൽ കോൺഗ്രസ് ഐ.ടി സെൽ ജനറൽ സെക്രട്ടറി നിലഞ്ജൻ ദാസിന്റെ പോസ്റ്റും മഹുവ പങ്കുവെച്ചിട്ടുണ്ട്. മൂന്ന് കിലോ ബീഫ് കൊണ്ടുപോകാൻ എം.പിയുടെ പ്രതിനിധിക്ക് 200 രൂപ നൽകിയതായി ബീഫ് കടത്തുകാരൻ ജിയാറുൽ ഗാസി വിഡിയോയിൽ പറയുന്നുണ്ട്. ഇത്തരത്തിൽ ആറ് പാസുകൾ ദിവസവും എം.പിയുടെ ഓഫിസിൽനിന്ന് അനുവദിക്കുന്നുണ്ടെന്നും നിലഞ്ജൻ ദാസ് ആരോപിക്കുന്നു.

എന്നാൽ, ആരോപണം നിഷേധിച്ച് ശാന്തനു താക്കൂർ രംഗത്തുവന്നു. ‘ആരോപണം അടിസ്ഥാന രഹിതമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് മഹുവ ശീലമാക്കിയിരിക്കുന്നു. എന്തിനാണ് ഒരാൾ മൂന്ന് കിലോ ബീഫ് മാത്രം കടത്തുന്നത്? അത് അസംബന്ധമല്ലേ? പ്രാദേശിക പ്രശ്നങ്ങൾ ലഘൂകരിക്കാനാണ് ഇത്തരം പാസുകൾ നൽകുന്നതെന്ന് മഹുവക്ക് അറിയാം. ഈ വസ്തുത അവർ ബോധപൂർവം മറച്ചുവെക്കുകയാണ്’ -ശാന്തനു താക്കൂർ പി.ടി.ഐയോട് പ്രതികരിച്ചു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News