കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കും
ഹൈക്കമാൻഡ് പിന്തുണ ഖാർഗെക്കാണെന്നാണ് സൂചന
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ മത്സരിക്കും. ഹൈക്കമാൻഡ് പിന്തുണ ഖാർഗെക്കാണെന്നാണ് സൂചന. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അൽപ്പസമയത്തിനകം സോണിയാ ഗാന്ധിയുടെ വസതിയിലെത്തി ഖാർഗെ കൂടിക്കാഴ്ച നടത്തും.
മത്സര രംഗത്തുള്ള ദിഗ് വിജയ് സിങ് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തി. മത്സരം സൗഹാർദപരമാണെന്ന് ശശി തരൂർ ആവർത്തിച്ചു. തരൂരിന് കേരളത്തിൽ നിന്നുള്ള പിന്തുണയേറി. കേരളത്തിൽ നിന്ന് എം കെ രാഘവന്‍, കെ സി അബു, കെ എസ് ശബരീനാഥൻ അടക്കം 15 പേർ തരൂരിന്റെ പത്രികയിൽ ഒപ്പുവച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പേരുകള്‍ അവസാന നിമിഷവും മാറിമറിയുകയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി ഏറെ വൈകി പ്രിയങ്ക ഗാന്ധിയുടെ വസതിയിലെത്തി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക സ്ഥാനാർഥിയായി വിശ്വസ്തർ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ചര്‍ച്ച.
ഔദ്യോഗിപക്ഷം അശോക് ഗെഹ്‍ലോട്ടിനെയാണ് ആദ്യം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പിലാക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ആരു വരണമെന്ന തര്‍ക്കമുണ്ടായി. പിന്നാലെയാണ് ഇന്നലെ ദിഗ്‍ വിജയ് സിങ് മത്സരിക്കുമെന്ന് സ്ഥിരീകരിച്ചത്. ശശി തരൂരും മത്സരിക്കുമെന്ന് ഉറപ്പായി. അപ്പോഴും ഔദ്യോഗിക പക്ഷത്തിന്‍റെ സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമായിരുന്നില്ല. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, മീരാ കുമാർ എന്നിങ്ങനെ പല പേരുകള്‍ ഉയര്‍ന്നുവന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി. നാമനിർദേശ പത്രിക നൽകാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കും.