ഒഡിഷയില്‍ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
നവംബർ 3ന് ചക്കപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്
ഫുൽബാനി: ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ സഹോദരനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. നവംബർ 3ന് ചക്കപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
25കാരിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. തന്‍റെ സഹോദരന് ഭാര്യാസഹോദരിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ യുവതി ഇനി ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബന്ധം അവസാനിപ്പിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവദിവസം സിയാലിയുടെ ഇല പെറുക്കാനായി യുവതി സമീപത്തെ കാട്ടിലേക്ക് പോയിരുന്നു. അവളുടെ ജ്യേഷ്ഠനും പശുക്കളുമായി അവിടെ ഉണ്ടായിരുന്നു.ഇയാൾ തന്‍റെ നാല് സുഹൃത്തുക്കളെ കാട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിക്കുകയും മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എതിര്‍ത്ത യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തുവെന്ന് ചക്കപ്പാട് പൊലീസ് സ്റ്റേഷന്റെ ഇൻസ്‌പെക്ടർ ഇൻ ചാർജ് ലളിത് മോഹൻ സാഗർ പറഞ്ഞു. നവംബർ 6 ന് യുവതിയെ കാണാനില്ലെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. നവംബർ 7 ന് യുവതിയുടെ അഴുകിയ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തി. ഒന്നിലധികം ആളുകൾ യുവതിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്.