ലണ്ടനിലെ ഇന്ത്യൻ എംബസി ആക്രമണം; ബ്രിട്ടനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

മുതിർന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞനെ ഇന്നലെ രാത്രി വിളിച്ച് വരുത്തിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്

Update: 2023-03-20 01:26 GMT
Editor : Jaisy Thomas | By : Web Desk

ലണ്ടനിലെ ഇന്ത്യന്‍ എംബസി

Advertising

ഡല്‍ഹി: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബ്രിട്ടനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. മുതിർന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞനെ ഇന്നലെ രാത്രി വിളിച്ച് വരുത്തിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഖാലിസ്ഥാൻ അനുകൂലികൾ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം നടത്തിയത്.

കെട്ടിടത്തിൽ വലിഞ്ഞ് കയറി അക്രമികൾ ഇന്ത്യയുടെ ദേശീയ പതാകയും താഴ്ത്തിയിരുന്നു. തന്ത്രപ്രധാന ഇടമായ എംബസിക്ക് മതിയായ സുരക്ഷ ഒരുക്കാത്തതിൽ ബ്രിട്ടനോട് ഇന്ത്യ വിശദീകരണം തേടിയിട്ടുണ്ട്. ആസ്ത്രേലിയയിലെ ബ്രിസ്ബെയിനിലും അമൃത്പാൽ സിംഗിനെതിരായ പൊലീസ് നടപടിയിൽ ഇന്ത്യൻ എംബസിക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം ഉണ്ടായിരുന്നു.

സംഭവത്തിൽ മെട്രോപോളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. "ഹൈക്കമ്മീഷൻ കെട്ടിടത്തിന്റെ ജനാലകൾ തകർന്നു.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു.ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്നവരിൽ ഭൂരിഭാഗവും പിരിഞ്ഞുപോയിരുന്നു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്'' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെ ലണ്ടൻ മേയർ സാദിഖ് ഖാൻ, വിദേശകാര്യ മന്ത്രി ലോർഡ് അഹമ്മദ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് എന്നിവർ ട്വിറ്ററിൽ അപലപിച്ചു.

അതേസമയം അമൃത്പാൽ സിംഗിനായുള്ള തെരച്ചിൽ തുടരുകയാണ്. ജലന്ധർ കേന്ദ്രീകരിച്ചാണ് അന്വേഷണം . ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് തെരച്ചിൽ നടത്തുന്നത് . എന്നാൽ അമൃത്പാൽ എവിടെയാണെന്ന വിവരം ഇതുവരെയും പഞ്ചാബ് പൊലീസിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ മൊബൈൽ , ഇന്‍റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഇന്ന് ഉച്ച വരെ തുടരും . സംഘർഷ സാധ്യതയുള്ളതിനാൽ വിവിധ മേഖലകളിൽ വൻ സുരക്ഷ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News