വിമാനത്തിലെ പുകവലി: 25000 രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി, 250 മതിയെന്ന് പ്രതി, ഒടുവില്‍ ജയിലിലേക്ക്

ഓൺലൈനിൽ പരിശോധിച്ചപ്പോള്‍ ഐ.പി.സി പ്രകാരം 250 രൂപ പിഴ അടച്ചാൽ മതിയെന്ന് മനസ്സിലാക്കിയെന്ന് പ്രതി വാദിക്കുകയായിരുന്നു

Update: 2023-03-14 11:00 GMT
Advertising

മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന് പിടിയിലായ യാത്രക്കാരന്‍ ജാമ്യത്തുക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ജയിലിലേക്ക് മാറ്റി. കേസിൽ ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കാൻ അന്ധേരി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടെങ്കിലും രത്നാകര്‍ ദ്വിവേദി തയ്യാറായില്ല. ഓൺലൈനിൽ പരിശോധിച്ചപ്പോള്‍ ഐ.പി.സി പ്രകാരം 250 രൂപ പിഴ അടച്ചാൽ മതിയെന്ന് മനസ്സിലാക്കിയതായി പ്രതി വാദിക്കുകയായിരുന്നു. ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രത്നാകര്‍ ദ്വിവേദി കോടതിയില്‍ പറഞ്ഞു. 

മാർച്ച് 10ന് എയർ ഇന്ത്യയുടെ ലണ്ടൻ - മുംബൈ ​ഫ്ലൈറ്റിന്‍റെ ശുചിമുറിയില്‍ പുകവലിച്ചതിനാണ് രത്നാകര്‍ ദ്വിവേദിയെ അറസ്റ്റ് ​ചെയ്തത്. മറ്റുള്ളവരുടെ ജീവന് ആപത്തുണ്ടാക്കുന്ന പ്രവൃത്തിക്ക് സെക്ഷൻ 336 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 336ആം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് 250 രൂപ പിഴയടച്ചാൽ മതിയെന്ന് താൻ ഓൺലൈൻ പരിശോധിച്ച് മനസിലാക്കിയിട്ടുണ്ടെന്ന് രത്നാകര്‍ ദ്വിവേദി വാദിച്ചു. ആ തുക നൽകാന്‍ തയ്യാറാണെന്നും എന്നാൽ ജാമ്യത്തുക കെട്ടിവെക്കില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു. തുടര്‍ന്ന് അന്ധേരി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഇയാളെ ജയിലേക്കയച്ചു.

രത്നാകര്‍ ദ്വിവേദി വിമാനത്തിൽ പുകവലിക്കുക മാത്രമല്ല വിമാനത്തിലെ ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. പൈലറ്റിന്റെ വാക്കാലും രേഖാമൂലമുള്ളതുമായ നിർദേശങ്ങൾ അനുസരിക്കാതെ പ്രതി, വിമാനത്തിൽ അസ്വസ്ഥത ഉണ്ടാക്കുകയും യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് മുംബൈ പൊലീസ് പറഞ്ഞു.

Summary- A man charged for unruly behaviour and smoking on an Air India flight was sent to jail by a court in Mumbai after he refused to pay ₹ 25,000 for bail and instead cited online 'search' to claim the fine payable under the IPC section was ₹ 250.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News