ഗോവയിൽ വൻ മയക്കുമരുന്ന് വേട്ട; 11.67 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
11.672 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ആണ് ഇയാളിൽ നിന്ന് പിടികൂടിയത്.


പനാജി: ഗോവയിൽ 11.67 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പനാജിക്കും മാപുസക്കും ഇടയിലുള്ള ഗുയിരിം ഗ്രാമത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്രോയിഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 11.672 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ആണ് ഇയാളിൽ നിന്ന് പിടികൂടിയത്.
മയക്കുമരുന്ന് കേസുകൾ പ്രതിരോധിക്കാൻ പൊലീസ് സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദിച്ചു. ഗോവയിൽ ഇതുവരെയുള്ള ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ക്രൈംബ്രാഞ്ച് ഗോവ പൊലീസിന് അഭിനന്ദനങ്ങൾ... നമ്മുടെ സംസ്ഥാനത്തെ മയക്കുമരുന്ന് വിമുക്തമായി നിലനിർത്തുന്നതിൽ നിയമപാലകർ നടത്തുന്ന പരിശ്രമത്തിന്റെ തെളിവാണ് ഇത്. മയക്കുമരുന്നിനെതിരെ ഗോവ സർക്കാർ കൃത്യമായ നയം പാലിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ തടയാൻ ഇന്റലിജൻസ് ശൃംഖലകൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങൾ വിളകൾക്ക് വെള്ളത്തിലൂടെ ലഭ്യമാക്കുന്ന കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ്. ഉയർന്ന നിലവാരത്തിലുള്ള കഞ്ചാവ് ഉത്പാദനത്തിന് ഈ രീതി ഉപയോഗിക്കാറുണ്ട്. ഒരു മാസം നീണ്ട ഇന്റലിജൻസ് ഓപ്പറേഷനിലൂടെയാണ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്.