ഗോതമ്പിനൊപ്പം അരിയും വാങ്ങണമെന്ന് ഡീലർ; യുപിയിൽ റേഷൻകടയിൽ വെടിവച്ച് യുവാവ്; രണ്ട് പേർക്ക് പരിക്ക്
കുപിതനായ ജിതേന്ദർ ഇവിടെ നിന്ന് പോയ ശേഷം, മിനിറ്റുകൾക്കകം ഒരു തോക്കുമായി മടങ്ങിയെത്തുകയായിരുന്നു.
ആഗ്ര: ഗോതമ്പ് മാത്രം ആവശ്യപ്പെട്ടയാളോട് അരിയും കൂടി കൊണ്ടുപോകണം എന്ന് പറഞ്ഞതോടെ റേഷൻകടയിൽ വെടിവയ്പ്. യുപിയിലെ ഹാഥ്രസ് ജില്ലയിലെ കോട്വാലി ചന്ദ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ നഗ്ല ഖിർനി ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം.
വെടിവയ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. പരാസര സ്വദേശിയായ ജിതേന്ദർ ആണ് വെടിവച്ചത്. സബ്സിഡി ഗോതമ്പ് ആണ് യുവാവ് റേഷൻകടക്കാരനോട് ആവശ്യപ്പെട്ടത്. എന്നാൽ ഗോതമ്പിനൊപ്പം അരി കൂടി വാങ്ങണമെന്ന് ഡീലർ ആവശ്യപ്പെട്ടു.
ഇതോടെ ഇരുവരും തമ്മിൽ തർക്കായി. കുപിതനായ ജിതേന്ദർ ഇവിടെ നിന്ന് പോയ ശേഷം, മിനിറ്റുകൾക്കകം ഒരു തോക്കുമായി മടങ്ങിയെത്തുകയായിരുന്നു. ഇയാൾക്കൊപ്പം മൂന്ന് സഹായികളുമുണ്ടായിരുന്നു.
വന്നയുടൻ തോക്കെടുത്ത് തലങ്ങുംവിലങ്ങു വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ കൈലാശ് (50), സൽമാൻ അഹമ്മദ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ കൈലാശാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഇദ്ദേഹവും കടയിൽ റേഷൻ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു. അതേസമയം, റേഷൻകടക്കാരന്റെ മകനാണ് സൽമാൻ. ആദ്യം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കൈലാശിനെ വിദഗ്ധ ചികിത്സയ്ക്കായി അലിഗഢിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ജിതേന്ദറിനും ഇയാളുടെ മൂന്ന് സഹായികൾക്കുമെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുൾ ചുമത്തി കേസെടുത്തതായും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചതായും ചന്ദ്പ എസ്.എച്ച്.ഒ ആദിത്യ ശങ്കർ തിവാരി പറഞ്ഞു.
റേഷൻ ഡീലറും പ്രതിയും തമ്മിലുള്ള വാക്കേറ്റമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് മനസിലാവുന്നത്. പ്രതിയായ ജിതേന്ദറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സംഭവം അന്വേഷിക്കാനായി പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും തിവാരി കൂട്ടിച്ചേർത്തു.