കാമുകിയായ 19കാരിയെ നിലത്തിട്ട് ചവിട്ടിയ പ്രതിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ച് സർക്കാർ
വീട് തകർക്കുന്ന വീഡിയോ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ഭോപ്പാൽ: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ മർദിക്കുകയും ബോധം പോകുംവരെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്ത യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് മധ്യപ്രദേശ് സർക്കാർ. രേവ ജില്ലയിലെ മൗഗഞ്ച് ടൗണിലെ ധേര സ്വദേശി 24കാരനായ പങ്കജ് ത്രിപാഠിയുടെ വീടാണ് പൊളിച്ചത്. ഇയാളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
വീട് തകർക്കുന്ന വീഡിയോ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 'രേവ ജില്ലയിലെ മൗഗഞ്ച് മേഖലയിൽ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ ക്രിമിനൽ പങ്കജ് ത്രിപാഠിയെ അറസ്റ്റ് ചെയ്യുകയും വീടിന് നേരെ ബുൾഡോസർ ഉപയോഗിക്കുകയും ചെയ്തു. ഡ്രൈവറായ പങ്കജിന്റെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. മധ്യപ്രദേശിൽ സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ആരും രക്ഷപ്പെടില്ല'- അദ്ദേഹം ട്വീറ്റ് ചെയ്തു.
നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇത്തരക്കാർക്കൊരു പാഠമാണ് സർക്കാർ നടപടിയെന്ന് ചിലർ പറഞ്ഞപ്പോൾ, അയാൾ ചെയ്ത കുറ്റത്തിന് കുടുംബം എന്ത് പിഴച്ചെന്നും അവരെ എന്തിനാണ് ദ്രോഹിക്കുന്നതെന്നും ചോദിച്ച് മറ്റു ചിലർ രംഗത്തെത്തി.
ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാമുകിയായ 19കാരിയെയാണ് യുവാവ് ക്രൂരമായി ആക്രമിച്ചത്.
കൈയിൽ പിടിച്ച് നടന്നുപോകവെ യുവാവ് ഞൊടിയിടെ പെൺകുട്ടിയുടെ മുഖത്ത് ശക്തമായി അടിച്ച ശേഷം മുടിയിൽ കുത്തിപ്പിടിച്ച് വലിച്ച് നിലത്തു വീഴ്ത്തി. ശേഷം മുഖത്തും ദേഹമാസകലവും ശക്തിയായി ചവിട്ടുകയുമായിരുന്നു. ആക്രമണത്തിന്റെ കാഠിന്യത്താൽ പെൺകുട്ടി ബോധരഹിതയായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സുഹൃത്തിനോട് ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറയുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പിന്നീട് പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. മണിക്കൂറുകളോളം പെൺകുട്ടി ബോധരഹിതയായി വഴിയിൽ കിടന്നു.
നാട്ടുകാരാണ് പെൺകുട്ടിയെ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വൈറലായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പങ്കജ് ത്രിപാഠിക്കൊപ്പം, ദൃശ്യങ്ങൾ പകർത്തിയ സുഹൃത്തും അറസ്റ്റിലായി. ഐപിസിയിലേയും ഐടി ആക്ടിലേയും വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം പെൺകുട്ടി നിരസിച്ചതോടെ തനിക്ക് ദേഷ്യം വന്നെന്നാണ് ഇയാളുടെ മൊഴി. വീട്ടുകാർ സമ്മതിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഇയാളുടെ വിവാഹാഭ്യർഥന നിരസിച്ചത്.