മണിപ്പൂരിലെ നാഗ ജനവാസ മേഖലകളിൽ ഇന്ന് ബന്ദ്
നാഗ സ്ത്രീ മാരിം ലൂസിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് 12 മണിക്കൂറാണ് ബന്ദ്
ഇംഫാല്‍: മണിപ്പൂരിലെ നാഗ ജനവാസ മേഖലകളിൽ ഇന്ന് ബന്ദ്.നാഗ സ്ത്രീ മാരിം ലൂസിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് 12 മണിക്കൂറാണ് ബന്ദ് . യുണൈറ്റഡ് നാഗാ കൗൺസിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് . ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ശനിയാഴ്ച വൈകിട്ടാണ് മാനസിക വിഭ്രാന്തിയുള്ള സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയത്. പ്രതികൾഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ അറസ്റ്റിലായത്. നാഗ വിഭാഗത്തിനുനേരെയും അക്രമം ആരംഭിച്ചതോടെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.സാവോംബുങ് ഏരിയയിലെ സ്ത്രീയുടെ വസതിയില്‍ വച്ചാണ് സംഭവം.കൊലപാതകത്തെ തുടർന്ന് പൊലീസ് കനത്ത ജാഗ്രതയിലാണ്. പ്രദേശം വളഞ്ഞിരിക്കുകയാണ്. മണിപ്പൂർ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സമീപ പ്രദേശത്തെ ചില വീടുകളിൽ തിരച്ചിൽ നടത്തുകയും റെയ്ഡ് നടത്തുകയും ചെയ്തു.സംഭവ സ്ഥലത്തിന് ചുറ്റുമുള്ള ആളുകളുടെ മൊഴിയും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
യുവതി ആരാണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണവും ഇനിയും കണ്ടെത്താനായിട്ടില്ല.അതിനിടെ, മറ്റൊരു സംഭവത്തിൽ, മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ രാവിലെ മൂന്ന് ഒഴിഞ്ഞ ട്രക്കുകൾക്ക് തീയിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്‌മായി പോലീസ് സ്റ്റേഷൻ പരിധിയിലെ അവാങ് സെക്‌മായിയിലാണ് സംഭവം. തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്ത എൽപിജി സിലിണ്ടറുകൾ കൊണ്ടുപോകാൻ ഉപയോഗിച്ച ട്രക്കുകൾക്കാണ് തീയിട്ടത്. സംഭവത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എന്തിനാണ് ട്രക്കുകൾ കത്തിച്ചതെന്ന് വ്യക്തമല്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.