ഗ്യാൻവാപി: മസ്ജിദ് കമ്മിറ്റിയുടെ വാദം ആദ്യം കേൾക്കും

ഹരജി മറ്റന്നാൾ വീണ്ടും പരിഗണിക്കും

Update: 2022-05-24 14:53 GMT
Advertising

ഡൽഹി: ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാരാണസി ജില്ലാ കോടതി ആദ്യം വാദം കേൾക്കും. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം വാദം കേൾക്കണമെന്നുള്ള ഹരജിയിലാണ് തീരുമാനം. നിത്യാരാധന ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കക്ഷികൾക്ക് കോടതി നിർദേശം നൽകി. ഹരജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. അതുവരെ തൽസ്ഥിതി തുടരാൻ ആണ് കോടതി നിർദേശം.

വിശ്വവേദിക് സനാതൻ സംഘിലെ അംഗങ്ങളായ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി നിയമ വിരുദ്ധമാണെന്നും മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിലുണ്ട്. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർത്ത ശേഷം നരസിംഹറാവു സർക്കാർ പാസാക്കിയ നിയമം ഇതിന് ആധാരമായി മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് മുന്നോട്ട് കൊണ്ടുപോകണമെന്നും തങ്ങളുടെ വാദം ആദ്യം കേൾക്കണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കക്ഷികൾക്ക് ജില്ലാ കോടതി നിർദേശം നൽകി. അയോധ്യക്ക് ശേഷം രാജ്യത്ത് പുതിയ പ്രശ്നങ്ങളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ വിമർശിച്ചു.

കോടതിയിലെ നടപടിക്രമങ്ങൾ സംബന്ധിച്ച് ഒരു വിഭാഗത്തിന് മാത്രം അനുകൂലമായ തരത്തിലുള്ള വാർത്തകൾ പുറത്തുപോകുന്നുവെന്ന് കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് ഹരജിക്കാർ ഉൾപ്പെടെ 16 പേരെ മാത്രമാണ് കോടതിയിൽ പ്രവേശിപ്പിച്ചത്. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ കോടതിയിൽ പ്രവേശിപ്പിച്ചില്ല. കേസിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ചാണ് സുപ്രിംകോടതി ഹരജികൾ ജില്ലാ ജഡ്ജിക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ജില്ലാ ജഡ്ജിക്ക് കൈമാറിയതായി സർക്കാർ കൌൺസിൽ മഹേന്ദ്ര പ്രസാദ് പാണ്ഡെ വ്യക്തമാക്കിയിരുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News