മണിപ്പൂരിലെ ബിഷ്‌ണുപൂർ -ചുരാചന്ദ്പൂർ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു
കൊല്ലപ്പെട്ട കുക്കികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം
ഇംഫാല്‍: സംഘർഷത്തിന് പിന്നാലെ മണിപ്പൂരിലെ ബിഷ്‌ണുപൂർ -ചുരാചന്ദ്പൂർ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 30 പേർക്ക് പരിക്കെറ്റു. കൊല്ലപ്പെട്ട കുക്കികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
ബിഷ്ണുപൂർ ജില്ലയിൽ മെയ്തേയ് വിഭാഗക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 30 ലധികം പേർക്ക് പരിക്കേറ്റത്. മെയ്തേയ് സ്ത്രീകളുടെ കൂട്ടായ്മയായ മീരാ പൈബിസിൽ നിന്നുള്ള ആയിരത്തോളം വരുന്ന സ്ത്രീകൾ സുരക്ഷാ സേന സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച ഏറ്റുമുട്ടൽ ഉച്ചവരെ നീണ്ടുനിന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിൽ മൂന്ന് മാസമായി സൂക്ഷിച്ചിരുന്ന 35 മൃതദേഹങ്ങളാണ് ഇന്നലെ 11 മണിക്ക് സംസ്കാരം നടത്താൻ കുക്കി സംഘടനകൾ തീരുമാനിച്ചത് . മെയ്തെയ് വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ - ബിഷ്ണുപൂർ അതിർത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്.
സംസ്കാരം നടത്തേണ്ട സ്ഥലം ഞങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തെയ്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ച് മെയ്തെയ്കളെ സേന തടഞ്ഞാണത് സംഘർഷത്തിന് കാരണമായത്. എന്നാൽ മണിപ്പൂർ ഹൈക്കോടതി സ്ഥലത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതിനെ തുടർന്ന് സംസ്കാരം കുക്കികൾ മാറ്റിവെക്കുകയും ചെയ്തു.