ഒരു പെട്ടി തക്കാളി വിറ്റത് 1900 രൂപയ്ക്ക്, കിട്ടിയത് 38 ലക്ഷം; തക്കാളിയുടെ തീവില അനുഗ്രഹമായ ഒരു കർഷകൻ...

15കിലോയുടെ ഒരു പെട്ടി തക്കാളിക്ക് 800 രൂപയാണ് നിശ്ചയിച്ചതെങ്കിലും മാർക്കറ്റ് വില കാരണം അധികലാഭം കിട്ടുകയായിരുന്നു

Update: 2023-07-12 12:08 GMT
Advertising

തക്കാളിയുടെ പൊള്ളുന്ന വിലയാണ് ഇപ്പോൾ വാർത്തകളിലെ പ്രധാന തലക്കെട്ട്. തീവില കാരണം തക്കാളിയെ മക്‌ഡൊണാൾഡ്‌സ് മെനുവിൽ നിന്ന് ഒഴിവാക്കുക പോലും ചെയ്തു. തക്കാളിയില്ലാതെ എങ്ങനെ കറി വയ്ക്കാം എന്ന ഐഡിയകളുമായി വിമർശനാത്മകമായ യൂട്യൂബ് വീഡിയോകളും സജീവമാണ്.

ഇതൊക്കെയാണെങ്കിലും തക്കാളിയുടെ തീവില അനുഗ്രഹമായ ഒരു കർഷക കുടുംബമുണ്ട് കർണാടകയിൽ. കോല സ്വദേശികളായ പ്രഭാകർ ഗുപ്തയുടെ കുടുംബം. 40 ഏക്കറോളം വരുന്ന തങ്ങളുടെ ഫാമിൽ വിളയിച്ച തക്കാളി 38 ലക്ഷം രൂപയ്ക്കാണ് ഗുപ്തയും സഹോദരങ്ങളും വിറ്റത്. തക്കാളിയുടെ വില കുത്തനെ ഉയർന്ന് നിൽക്കുന്ന സമയത്തായിരുന്നു വിൽപന.

15കിലോയുടെ ഒരു പെട്ടി തക്കാളിക്ക് 800 രൂപയാണ് ഇവർ നിശ്ചയിച്ചതെങ്കിലും മാർക്കറ്റ് വില കാരണം ഒരു പെട്ടിക്ക് 1900 രൂപ വെച്ചാണ് ഇവർക്ക് കിട്ടിയത്. കിലോയ്ക്ക് 126 രൂപയായിരുന്നു തക്കാളിക്ക് ആ സമയം.

40 വർഷത്തോളമായി തക്കാളി കൃഷിയാണ് ഗുപ്തയുടെയും സഹോദരങ്ങളുടെയും പ്രധാന വരുമാന മാർഗം. ഇത്രയും വർഷത്തിനിടയ്ക്ക് ഇത്രയും ലാഭം ബിസിനസിലുണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.

അതേസമയം, തക്കാളിയുടെ വില നൂറ് കടന്നതോടെ വമ്പൻ ഓഫറുകളുമായാണ് കച്ചവടസ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുള്ളത്. മധ്യപ്രദേശിലെ അശോക് നഗറിൽ ഒരു മൊബൈൽ ഫോൺ വാങ്ങിയാൽ രണ്ടുകിലോ തക്കാളി സൗജന്യമായി നൽകുമെന്നാണ് ഒരു കച്ചവടക്കാരന്റെ 'വെറൈറ്റി ഓഫർ'.

'മൊബൈൽ ഫോൺ വിപണയിൽ മത്സരം കടുത്തതാണ്. അതുകൊണ്ട് തന്നെ ഫോൺ വാങ്ങാനെത്തുന്നവർക്ക് എന്തെങ്കിലും 'വിലപിടിപ്പുള്ള സമ്മാനം' നൽകമമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തക്കാളി നൽകാൻ തീരുമാനിച്ചത്'. കടയുടമയായ അഭിഷേക് അഗർവാൾ പറയുന്നു. ഇത്രയും വിലപിടിപ്പുള്ള സമ്മാനം വേറെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. പുതിയ ഓഫർ പ്രഖ്യാപിച്ചതോടെ കച്ചവടം കൂടിയെന്നാണ് കടയുടമയുടെ അവകാശവാദമെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News