'വീട്ടുതടങ്കലിലാണ്'; പൂട്ടിയ ഗേറ്റിന്റെ ചിത്രം പങ്കുവെച്ച് മെഹബൂബ മുഫ്തി

നമ്മുടെ ഓരോ കൂട്ടായ ഓർമ്മകളും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒമർ അബ്ദുള്ള

Update: 2024-07-14 03:02 GMT
Editor : Lissy P | By : Web Desk
Advertising

ശ്രീനഗർ: കശ്മീർ രക്തസാക്ഷി ദിനത്തിൽ തങ്ങളെ വീട്ടുതടങ്കലിലാക്കിയതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും. മസാർ-ഇ-ശുഹാദ സന്ദർശിക്കുന്നത് തടയാൻ തങ്ങളെ വീട്ടുതടങ്കലിലാക്കിയതായാണ് ഇവർ പറയുന്നത്.  മെഹബൂബ മുഫ്തി വീടിന്റെ ഗേറ്റുകൾ പൂട്ടിയിട്ടതിന്റെ ചിത്രം സോഷ്യൽമീഡിയയായ എക്‌സിൽ പങ്കുവെച്ചു.

സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും അനീതിക്കുമെതിരായ കശ്മീരിന്റെ ചെറുത്തുനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായ മസാർ-ഇ-ശുഹാദ സന്ദർശിക്കുന്നതിൽ നിന്ന് എന്നെ തടയാൻ വീടിന്റെ ഗേറ്റുകൾ വീണ്ടും പൂട്ടിയിരിക്കുകയാണെന്ന് മുഫ്തി എക്‌സിൽ കുറിച്ചു.'നമ്മുടെ രക്ഷസാക്ഷികളുടെ ത്യാഗം ഒരു തെളിവാണ് കശ്മീരികളെ തകർക്കാൻ കഴിയില്ല'..അവർ കൂട്ടിച്ചേർത്തു.

നമ്മുടെ ഓരോ കൂട്ടായ ഓർമ്മകളും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.'മറ്റൊരു ജൂലൈ 13, രക്തസാക്ഷി ദിനം, പൂട്ടിയ കവാടങ്ങളുടെ മറ്റൊരു റൗണ്ട്... രാജ്യത്ത് മറ്റെല്ലായിടത്തും ഈ ആളുകൾ ആഘോഷിക്കപ്പെടുമായിരുന്നു, എന്നാൽ ജമ്മു കശ്മീർ ഭരണകൂടം ഈ ത്യാഗങ്ങളെ അവഗണിക്കാൻ ആഗ്രഹിക്കുന്നു. അവർക്ക് ചെയ്യാൻ കഴിയുന്ന അവസാന വർഷമാണിത്.   അടുത്ത വർഷം ജൂലൈ 13 ഈ ദിനം അർഹിക്കുന്ന ഗൗരവത്തോടെയും ആദരവോടെയും ആഘോഷിക്കും.' ഒമർ അബ്ദുള്ള പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370 അനുച്ഛേദം 2019 ആഗസ്റ്റിൽ റദ്ദാക്കുന്നതുവരെ ജൂലൈ 13 സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ആ വർഷം ഡിസംബറിൽ കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ ഔദ്യോഗിക അവധി ദിനത്തിൽ നിന്ന് ജൂലൈ 13 ഒഴിവാക്കുകയും ചെയ്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News