യു.പിയിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാവാത്ത സഹോദരങ്ങളെ മർദിച്ച് തല മൊട്ടയടിച്ച് ന​ഗ്നരാക്കി നടത്തി

കടയിൽ നിന്ന് 5000 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനവും അധിക്ഷേപവും. എന്നാൽ കുട്ടികളുടെ കൈയിൽ നിന്നും പണം കണ്ടെത്താനായതുമില്ല.

Update: 2024-06-25 12:59 GMT
Advertising

ലഖ്നൗ: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച് ന​ഗ്നരാക്കി മർദിച്ച് കടയുടമയും സംഘവും. ഉത്തർപ്രദേശിലെ കസ്​ഗഞ്ച് ജില്ലയിലെ ധോൽന പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഹിദ്പൂർ മർഫിയിലാണ് സംഭവം. 10ഉം 14ഉം വയസ് പ്രായമുള്ള സഹോദരങ്ങളാണ് ആക്രമണത്തിന് ഇരയായത്.

ഒരു കടയിൽ നിന്ന് 5000 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനവും അധിക്ഷേപവും. എന്നാൽ കുട്ടികളുടെ കൈയിൽ നിന്നും പണം കണ്ടെത്താനായതുമില്ല. ഇരുവരുടെയും കൈകൾ ബന്ധിച്ച് മർദിച്ച ശേഷം തലമുടി വടിക്കുകയും ​ഗ്രാമത്തിലൂടെ ന​ഗ്നരാക്കി നടത്തുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ചിലർ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

കുട്ടികളെ കൈകൾ ബന്ധിച്ച് വലിച്ചിഴയ്ക്കുന്നതും അപമാനിക്കുന്നതും തല്ലുന്നതും ഇടിക്കുന്നതും വീഡിയോയിൽ കാണാം. ഈ കുട്ടികൾ കടയിൽ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും ഒരു പലചരക്കു കടക്കാരനും സംഘവും ക്രൂരമായി മർദിക്കുകയായിരുന്നെന്നും തുടർന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചതെന്നും ധോൽന എസ്എച്ച്ഒ അജയ്വീർ സിങ് പറഞ്ഞു.

സംഭവത്തിൽ, കുട്ടികളുടെ പരാതിയിൽ തിങ്കളാഴ്ച അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കടയുടമ ഹരിപ്രസാദ്, ഇയാളുടെ സഹോദരൻ റാംചന്ദ്ര, അനന്തരവൻ രാജ എന്നിവരടക്കമുള്ളവർക്കെതിരെ ഐപിസി 147, 323, 504, 342എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

'ഇവരിൽ കടയുമടയടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തന്റെ കടയിലെ മേശവലിപ്പിൽ‍ നിന്നും കുട്ടികൾ പണം മോഷ്ടിച്ചെന്നായിരുന്നു ഇയാളുടെ ആരോപണം. താൻ അവരെ കൈയോടെ പിടികൂടിയെന്നും ഗ്രാമവാസികളെ വിവരമറിയിച്ചെന്നും ഇയാൾ അവകാശപ്പെട്ടു. പിന്നാലെ ജനം തടിച്ചുകൂടി. ഹരിപ്രസാദും കുടുംബാംഗങ്ങളും കുട്ടികളെ ക്രൂരമായി മർദിച്ചു. ഞങ്ങൾ വിഷയം സമഗ്രമായി അന്വേഷിക്കുകയാണ്'- എഎസ്പി രാജേഷ് കുമാർ ഭാരതി പറഞ്ഞു.

അതേസമയം, കടയുടമയുടെ ആരോപണങ്ങളെല്ലാം കുട്ടികളുടെ അമ്മ നിഷേധിച്ചു. 'എൻ്റെ മക്കൾ പലചരക്ക് കടയിൽ നിന്ന് ഒരു പാക്കറ്റ് ഉപ്പ് വാങ്ങാൻ പോയതാണ്. അവർ ഒന്നും മോഷ്ടിച്ചിട്ടില്ല. അവരിൽ നിന്ന് പണമൊന്നും കണ്ടെടുത്തിട്ടുമില്ല. മക്കൾ പണം മോഷ്ടിച്ചെന്ന ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ അയാൾക്കായില്ല. ഇക്കാര്യം ഞാൻ ചോദ്യം ചെയ്തപ്പോൾ അയാൾ എന്നെയും അധിക്ഷേപിക്കുകയാണ് ചെയ്തത്'- മാതാവ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News