മാസ്കില്ലാതെ പൊതുജനം, വഴിയരികില്‍ തമിഴ്നാട് മുഖ്യന്‍റെ മാസ്ക് വിതരണം; വീഡിയോ വൈറൽ

ജനങ്ങൾക്ക് സ്റ്റാലിൻ മാസ്‌ക് വെച്ച് നൽകുന്നതും ദൃശ്യങ്ങളിൽ കാണാം

Update: 2022-01-04 10:27 GMT
Advertising

വഴിയരികില്‍ മാസ്ക് ധരിക്കാതെ നിന്ന പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക വാഹനം നിര്‍ത്തി മാസ്ക് വിതരണം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇതിന്‍റെ വീഡിയോ മുഖ്യമന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകതയും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 

സെക്രട്ടേറിയറ്റിലെ ക്യാംപ് ഓഫീസില്‍ നിന്ന് മടങ്ങവെ മാസ്ക് ധരിക്കാത്ത ചിലരെ കണ്ടെന്നും ഉടന്‍ തന്നെ കാര്‍  നിര്‍ത്തി അവര്‍ക്ക് മാസ്ക് വിതരണം ചെയ്തെന്നും സ്റ്റാലിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ജനങ്ങള്‍ക്ക് അദ്ദേഹം മാസ്ക് വെച്ച് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒപ്പം എല്ലാവരും ദയവു ചെയ്ത് മാസ്ക് ധരിക്കണമെന്നും വാക്സിനെടുക്കേണ്ടത് അനിവാര്യമാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും സ്റ്റാലിന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

Full View 

തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദത്തിലെത്തിയതിനു പിന്നാലെ എം.കെ സ്റ്റാലിന്‍റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്. വഴിയരികില്‍ മാസ്ക് വിതരണം ചെയ്യുന്ന മുഖ്യന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

അതേസമയം, 1,728 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആറു മരണങ്ങളും സ്ഥിരീകരിച്ചു. 121 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് മഹാമാരിയുടെ മൂന്നാം തരംഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയിരുന്നു.    

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News