'നന്ദി സഖാവേ...'; പിറന്നാളാശംസ നേർന്ന പിണറായി വിജയന് മലയാളത്തിൽ മറുപടിയുമായി സ്റ്റാലിൻ
സ്റ്റാലിന് ആശംസകൾ നേർന്നുകൊണ്ട് പിണറായി വിജയൻ കഴിഞ്ഞ ദിവസം തമിഴിൽ ട്വീറ്റ് ചെയ്തിരുന്നു
ജന്മദിനാശംസകള്‍ നേര്‍ന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍. മലയാളത്തില്‍ 'നന്ദി സഖാവേ...' എന്നാണ് തമിഴ്നാട് മുഖ്യന്‍റെ ട്വീറ്റ്. കഴിഞ്ഞ ദിവസം സ്റ്റാലിനെ നേരില്‍ക്കണ്ടാണ് പിണറായി വിജയന്‍ ജന്മദിനാശംസകള്‍ അറിയിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ഒന്നിച്ചുള്ള ഫോട്ടോയും ആശംസയും പിണറായി പോസ്റ്റ് ചെയ്തിരുന്നു. തമിഴിലായിരുന്നു പിണറായിയുടെ ട്വീറ്റ്.
.@VijayanPinarayi നന്ദി സഖാവേ! https://t.co/qgOEOzKmuW
— M.K.Stalin (@mkstalin) March 1, 2022
"പ്രിയപ്പെട്ട സ്റ്റാലിനെ നേരിൽ കണ്ട് ജന്മദിനാശംസകൾ നേർന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു" എന്നായിരുന്നു പിണറായിയുടെ ആശംസ.
എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശന ചടങ്ങിലും പിണറായി വിജയന്‍ പങ്കെടുത്തിരുന്നു. 'ഉന്‍ഗളില്‍ ഒരുവന്‍' എന്നു പേരിട്ടിരിക്കുന്ന ആത്മകഥാപുസ്തകം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രകാശനം ചെയ്തത്. ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
രാഷ്ട്രീയത്തിലെ സ്റ്റാലിന്റെ തുടക്കകാലമാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. 23 വയസ് വരെയുള്ള സ്റ്റാലിന്റെ ജീവിതം ഇതില്‍ ഉള്‍പ്പെടും. മൂന്ന് വാല്യങ്ങളിലായി ഇറങ്ങുന്ന ആത്മകഥയുടെ ആദ്യത്തെ വാല്യമാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.