ഇല്ല, മോദി മൂല്യം ഉയർത്തിയിട്ടില്ല; ഇന്ത്യൻ പാസ്‌പോർട്ടിന്റെ പവർ താഴോട്ട്
നരേന്ദ്രമോദി ഇന്ത്യയുടെ പാസ്‌പോർട്ടിന്റെ മൂല്യം ഉയർത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ പാസ്‌പോർട്ടിന്റെ മൂല്യം ഉയർത്തിയെന്ന് ഈയിടെ ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു. ഒക്ടോബർ 16ന് ഗോവയിൽ ബിജെപി പ്രവർത്തകരുമായി സംവദിക്കവെയായിരുന്നു ഷായുടെ അവകാശവാദം.
'ഇപ്പോൾ ഇന്ത്യയുടെ പാസ്‌പോർട്ട് കാണുമ്പോൾ വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ മുഖത്ത് ചിരിയാണ്. മോദിയുടെ രാജ്യത്തു നിന്നാണ് വരുന്നതല്ലേ എന്നവർ ചോദിക്കും. മോദി ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം ഉയർത്തി. ഇത് തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചതു കൊണ്ട് സാധ്യമായതാണ്'- എന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്.
സത്യത്തിൽ, ഇന്ത്യയുടെ പാസ്‌പോർട്ടിന്റെ പവർ വർധിച്ചിട്ടുണ്ടോ? വസ്തുതയിങ്ങനെയാണ്.
രാജ്യങ്ങളുടെ പാസ്‌പോർട്ട് റാങ്കിങ് നിശ്ചയിക്കുന്ന ലണ്ടൻ ആസ്ഥാനമായ ഗ്ലോബൽ സിറ്റിഷൻഷിപ്പ് സ്ഥാപനം ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ (എച്ച് ആൻഡ് പി) 2021ലെ സൂചിക പ്രകാരം 90 ആണ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്ക്. 2020ൽ ഇത് 82 ആയിരുന്നു. മധ്യേഷ്യൻ രാഷ്ട്രമായ താജികിസ്താൻ, പടിഞ്ഞാറൻ ആഫ്രിക്കൻ രാഷ്ട്രമായ ബുർകിനോ ഫാസോ എന്നീ രാഷ്ട്രങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ 2014ൽ 74 ആയിരുന്നു ഇന്ത്യയുടെ പാസ്‌പോർട്ട് റാങ്കിങ്. അവിടെ നിന്നാണ് ഇപ്പോൾ 90ൽ എത്തി നിൽക്കുന്നത്.
പട്ടികയിൽ മുമ്പിൽ ജപ്പാനും സിംഗപൂരുമാണ്. ഈ പാസ്‌പോർട്ടുള്ളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് 58 രാജ്യങ്ങളിലേക്കേ വിസരഹിത യാത്ര സാധ്യമാകൂ.
ദക്ഷിണ കൊറിയയും ജർമനിയുമാണ് രണ്ടാം സ്ഥാനത്ത്. ഈ പാസ്‌പോർട്ട് ഉള്ളവർക്ക് 190 രാജ്യങ്ങളിൽ വിസരഹിത യാത്ര ചെയ്യാം. ഫിൻലൻഡ്, ഇറ്റലി, ലക്‌സംബർഗ്, സ്‌പെയിൻ എന്നിവയാണ് തൊട്ടുപിന്നിൽ. ഓസ്ട്രിയയും ഡെൻമാർക്കും നാലാം സ്ഥാനത്തും ഫ്രാൻസ്, അയർലൻഡ്, നെതർലൻഡ്‌സ്, പോർച്ചുഗൽ, സ്വീഡൻ എന്നിവ അഞ്ചാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും താഴെ. ഇരുപത്തിയാറ് രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാനിസ്ഥാൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാനാകൂ.