'തകർന്നു വീണ ശിവജി പ്രതിമ, പാർലമെന്റ് മന്ദിരത്തിലെ ചോർച്ച'; മോദിക്കാല നിർമിതികൾ തുരുമ്പെടുക്കുമ്പോൾ

ആയിരം വർഷം മുന്നിൽക്കണ്ടാണ് താൻ ഇന്ത്യയെ നിർമിക്കുന്നത് എന്ന് പറഞ്ഞ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശിവജി പ്രതിമയാണ് 10 മാസം തികയുന്നതിന് മുമ്പ് തകർന്നു വീണത്.

Update: 2024-08-28 04:23 GMT
Advertising

ന്യൂഡൽഹി: കുടുംബ മേധാവിത്വത്തിലൂടെ നെഹ്‌റു കുടുംബം കട്ടുമുടിച്ച രാജ്യത്തെ രക്ഷപ്പെടുത്താൻ വന്ന നേതാവായാണ് ബി.ജെ.പിയും സംഘ്പരിവാർ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടാറുള്ളത്. 'അഴിമതി നടത്തില്ല, ആരെയും അഴിമതി നടത്താൻ അനുവദിക്കില്ല' എന്നതായിരുന്നു മോദിയുടെ മുദ്രാവാക്യം. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവായി മോദിയെ ഉയർത്തിക്കാട്ടാനാണ് ബി.ജെ.പി ശ്രമിക്കാറുള്ളത്. എന്നാൽ അധികാരത്തിലെത്തിയ ശേഷം നടന്ന ഒരു അഴിമതിയാരോപണത്തിലും ശക്തമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല എന്നതാണ് യാഥാർഥ്യം.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആരോപണമുയർന്നിരുന്നു. രാമക്ഷേത്രത്തിലേക്കുള്ള റോഡുകൾ നിർമിച്ച് മാസങ്ങൾക്കകം തകർന്നു. മഴ പെയ്തതിന് പിന്നാലെ വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടത്. 14 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പല ഭാഗങ്ങളും തകർന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതാനും ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് അന്ന് മോദി സർക്കാർ ശ്രമിച്ചത്. 624 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോഡുകളാണ് മാസങ്ങൾക്കകം തകർന്നത്.

തങ്ങളുടെ അഭിമാന നേട്ടമായി മോദി സർക്കാർ ഉയർത്തിക്കാട്ടിയ അയോധ്യ രാമക്ഷേത്രം തന്നെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം ചോർന്നൊലിച്ചു. ജനുവരിയിൽ തുറന്ന ക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് ജൂണിൽ ചോർച്ചയുണ്ടായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് തന്നെ ഇതിൽ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. വെള്ളം ഒഴുകിപ്പോവാൻ കൃത്യമായ സംവിധാനമില്ലെന്നും വലിയ മഴ പെയ്താൻ ദർശനം ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാവാത്തതുകൊണ്ടാണ് ചോർച്ചയുണ്ടായത് എന്നായിരുന്നു ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയുടെ പ്രതികരണം. വയറിങ്ങിനുവേണ്ടി സ്ഥാപിച്ച പൈപ്പ് വഴി മഴവെള്ളം ഇറങ്ങിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

മോദി സർക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പാർലമെന്റ് മന്ദിരത്തിലും ചോർച്ചയുണ്ടായി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോബിയിൽ ചോർച്ചയുണ്ടായതിന്റെയും വെള്ളം ശേഖരിക്കാൻ ബക്കറ്റ് വെച്ചിരിക്കുന്നതിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 970 കോടിയോളം രൂപ ചെലവഴിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനത്തിന് പിന്നാലെ ചോർന്നൊലിച്ചത്.

ഇതിൽ ഏറ്റവും അവസാനത്തെ സംഭവമാണ് മഹാരാഷ്ട്രയിൽ മോദി അനാച്ഛാദനം ചെയ്ത ഭീമൻ ശിവജി പ്രതിമ തകർന്നുവീണത്. 35 അടി പൊക്കമുണ്ടായിരുന്ന പ്രതിമയാണ് പൂർണമായും നിലംപതിച്ചത്. സിന്ധുദുർഗിലെ മാൽവനിലുള്ള രാജ്‌കോട്ട് കോട്ടയിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

ശക്തമായ കാറ്റും മഴയുമാണ് പ്രതിമ തകരാൻ കാരണമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം. സംഭവത്തിൽ നാവികസേനയെ പഴിചാരി രക്ഷപ്പെടാനാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശ്രമിച്ചത്. പ്രതിമയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത് സംസ്ഥാന സർക്കാരല്ല, ഇന്ത്യൻ നാവികസേനയാണ് എന്നായിരുന്നു ഫഡ്‌നാവിസിന്റെ വിശദീകരണം. പ്രതിമയുടെ നിർമാണത്തിനും സ്ഥാപനത്തിനും ഉത്തരവാദിത്തം വഹിച്ചവർ കാറ്റിന്റെ വേഗതയും ഉപയോഗിച്ച ഇരുമ്പിന്റെ ഗുണനിലവാരവും അടക്കമുള്ള പ്രധാന ഘടകങ്ങൾ അവഗണിച്ചിട്ടുണ്ടാവുമെന്നും കടൽക്കാറ്റുമായി സമ്പർക്കം പുലർത്തുന്നതിനാൽ പ്രതിമ തുരുമ്പെടുത്തതാകാമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഴിമതി വിരുദ്ധത വെറും മുഖംമൂടിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം. മോദി സർക്കാർ തങ്ങളുടെ അഭിമാന നേട്ടമായി ഉയർത്തിക്കാണിക്കുന്ന പദ്ധതികളിാണ് ഈ വീഴ്ചകളെല്ലാം ഉണ്ടായിട്ടുള്ളത്. ഒഴിഞ്ഞുമാറാൻ ചില കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനപ്പുറം കാര്യമായ നടപടികളൊന്നും ഇത്തരം സംഭവങ്ങളിൽ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News