'മോദിസർക്കാറിന്റെ ഫോൺ ചോർത്തൽ രാജ്യത്തിന് അപമാനകരം'; യെച്ചൂരി
'ചോര്‍ത്തല്‍ ഉണ്ടായതായി 2019ല്‍ ഇടതുപക്ഷം പാര്‍ലമെൻറിൽ ഉന്നയിച്ചതാണ്'
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തെ വിമർശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിസർക്കാറിന്റെ ഫോൺ ചോർത്തൽ രാജ്യത്തിന് അപമാനകരമെന്ന് യെച്ചൂരി പറഞ്ഞു. പൗരാവകാശത്തെ വെല്ലുവിളിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണ്. എന്തിനാണ് പെഗാസസ് ഉപയോഗിക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തമായി.
ചോര്‍ത്തല്‍ ഉണ്ടായതായി 2019ല്‍ ഇടതുപക്ഷം പാര്‍ലമെൻറിൽ ഉന്നയിച്ചതാണ്. പെഗാസസ് ഉപയോഗം പരസ്യമായി നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. പാര്‍ലമെൻറിൽ ഇതിന് ഉത്തരം പറയാനും അന്വേഷണത്തിന് ഉത്തരവിടാനും മോദി ബാധ്യസ്ഥനാണെന്നും യെച്ചൂരി പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കല്ലാതെ എൻ.എസ്.ഒ കമ്പനിയുടെ ചാര സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടന്നു എന്ന് ആരോപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്ത് ഗൂഢാലോചനയാണ് നടന്നത് എന്ന് പറയണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം 2019ൽ കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ പെഗാസസ് ഉപയോഗിച്ചതായി സംശയിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സെക്രട്ടറി, ഉപമുഖ്യമന്ത്രിയായിരുന്ന ജി പരമേശ്വര, സിദ്ധരാമയ്യയുടെ സെക്രട്ടറി എന്നിവരുടെ ഫോണ്‍ കോളുകൾ ചോർത്തിയതായാണ് വിവരം.
2019ൽ ജെഡിഎസ്-കോൺഗ്രസ് സ൪ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ഓപ്പറേഷൻ താമര പ്രഖ്യാപിച്ചത്. ഇതേ സമയത്ത് ജെഡിഎസ്-കോൺഗ്രസ് സ൪ക്കാരിന് ചുക്കാൻ പിടിച്ചവരുടെ ആശയവിനിമയം മനസിലാക്കാൻ ഫോൺ ചോ൪ത്തിയെന്നാണ് സൂചന. സ൪ക്കാരിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെയും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെയും പേഴ്സണൽ സെക്രട്ടറിമാരുടെ ഫോണുകളാണ് ചോ൪ത്തലിന് വിധേയമായെന്ന് സംശയിക്കുന്നത്. ഒപ്പം അന്നത്തെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ ഫോണും ചോർത്തലിന് വിധേയമായ പട്ടികയിലുണ്ടെന്നാണ് വിവരം. പ്രതിപക്ഷത്തെ പ്രമുഖനായ രാഹുൽ ഗാന്ധിയുടെയും അടുപ്പക്കാരുടെയും ഫോണുകൾ ചോർത്തിയിട്ടുണ്ടാകാമെന്ന് വാ൪ത്തക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
ഫോൺചോർത്തൽ വിവാദത്തിൽ ചാര സോഫ്റ്റ്‍വെയര്‍ നി൪മിച്ച പെഗാസസ് തന്നെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരുപയോഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കുറ്റക്കാ൪ക്കെതിരെ നടപടിയുണ്ടാകും. നേരത്തെ സോഫ്റ്റ്‍വെയര്‍ ദുരുപയോഗം ചെയ്ത അഞ്ച് ഉപഭോക്താക്കളുമായുള്ള ഇടപാട് കമ്പനി അവസാനിപ്പിച്ചിട്ടുണ്ടെന്നും എൻഎസ്ഒ ഗ്രൂപ്പ് വ്യക്തമാക്കി. ഫ്രാൻസിലെ വാ൪ത്ത വെബ്സൈറ്റായ മീഡിയട്രാപും അതിലെ രണ്ട് മാധ്യമപ്രവ൪ത്തകരും നൽകിയ പരാതിയിൽ ഫ്രാൻസ് പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മോറോക്കോയുടെ രഹസ്യാന്വേഷണ വിഭാഗം ഫോൺ ചോർത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് ഫ്രാൻസിന്‍റെ അന്വേഷണം.