'മുസ്‌ലിം സ്ത്രീകൾക്ക് സ്ഥിരം ഭർത്താക്കന്മാരെ നൽകിയത് മോ​ദി': വിവാദ പരാമർശവുമായി ആർഎസ്എസ് നേതാവ്

'മുമ്പ് മുസ്‌ലിം സ്ത്രീകൾക്ക് ഓരോ ദിവസവും വ്യത്യസ്ത ഭർത്താക്കന്മാരാണ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി മോദി അവർക്ക് സ്ഥിരം ഭർത്താക്കന്മാരെ നൽകി'- ഭട്ട് അഭിപ്രായപ്പെട്ടു.

Update: 2023-12-25 16:33 GMT
Advertising

ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകൾക്ക് 'സ്ഥിരം ഭർത്താക്കന്മാരെ' നൽകിയത് മോ​ദി സർക്കാരാണെന്ന് ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി മൂന്ന് വർഷത്തെ തടവുശിക്ഷ നൽകുന്ന നിയമം 2019ൽ പാർലമെന്റ് പാസാക്കിയതിനെ കുറിച്ച് സംസാരിക്കവെയായിരുന്നു ആർഎസ്എസ് നേതാവിന്റെ വിവാദ പരാമർശം.

മുത്തലാഖ് നിയമ വിരുദ്ധമാക്കിയതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലാണെന്ന് ആർഎസ്എസ് നേതാവ് അവകാശപ്പെട്ടു. കഴിഞ്ഞദിവസം കർണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിൽ നടന്ന ‘സങ്കീർത്തന യാത്ര’യിലായിരുന്നു ഇയാളുടെ പ്രസ്താവന.

'മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുത്തലാഖ് എടുത്തുകളഞ്ഞു. മുസ്‌ലിം പുരുഷന്മാർ ഇതിൽ അതൃപ്തരായിരുന്നു. യഥാർഥത്തിൽ, മുസ്‌ലിം സ്ത്രീകൾക്ക് ഇത് വളരെ സന്തോഷകരമായ വാർത്തയായിരിക്കണം. അവർക്ക് എല്ലാ ദിവസവും വ്യത്യസ്‌ത ഭർത്താവുണ്ടാവുന്ന സ്ഥിതിയായിരുന്നു, ഒരു സ്ഥിരം ഭർത്താവ് ഉണ്ടായിരുന്നില്ല. മോദി സർക്കാരാണ് അത് നൽകിയത്'- ഭട്ട് പറഞ്ഞു.

'മുമ്പ് മുസ്‌ലിം സ്ത്രീകൾക്ക് സ്ഥിരമായ ദാമ്പത്യബന്ധം ഉണ്ടായിരുന്നില്ല. അവർക്ക് ഓരോ ദിവസവും വ്യത്യസ്ത ഭർത്താക്കന്മാരാണ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി മോദി അവർക്ക് സ്ഥിരം ഭർത്താക്കന്മാരെ നൽകി'- ഭട്ട് അഭിപ്രായപ്പെട്ടു.

'ഹിന്ദു ധർമം സംരക്ഷിക്കാൻ' മൂന്നിൽ കൂടുതൽ കുട്ടികളുള്ള കാര്യം പരിഗണിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഹിന്ദുക്കളോട് ഭട്ട് ആഹ്വാനം ചെയ്തു. "നിങ്ങൾക്ക് മൂന്ന് കുട്ടികളെങ്കിലും ഇല്ലെങ്കിൽ ഹിന്ദു ധർമം എങ്ങനെ നിലനിൽക്കും? നമ്മൾ ന്യൂനപക്ഷങ്ങളായി മാറും. ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു. അവരുടെ ജനസംഖ്യ വർധിച്ചു. ഉടൻ തന്നെ പാകിസ്താൻ സിന്ദാബാദ് വിളികളുണ്ടാകും'- ആർഎസ്എസ് നേതാവ് പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവാദ ഹിജാബ് നിരോധനം പിൻവലിക്കാൻ ആലോചിക്കുന്നുണ്ടെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെയും ഭട്ട് രം​ഗത്തെത്തി. ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സർക്കാർ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്നും നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും ഭട്ട് അവകാശപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News