28 സെക്കൻഡ് വീഡിയോ, ഒമ്പത് ക്യാമറ ആംഗിൾ; കന്യാകുമാരിയിൽ മോദി ധ്യാനം
ജൂൺ ഒന്നിന് വൈകുന്നേരം വരെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം
കന്യാകുമാരി: വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒമ്പത് ക്യാമറ ആംഗിളാണ് ഉള്ളത്. ജൂൺ ഒന്നിന് വൈകുന്നേരം വരെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം. പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽക്കൂടിയാണ് പ്രധാനമന്ത്രി ഹൈന്ദവ വിശ്വാസ പ്രാധാന്യമുള്ള സ്ഥലത്ത് ധ്യാനമിരിക്കുന്നത്.
കാഷായ വസ്ത്രമണിഞ്ഞ് കൈയിൽ ജപമാലയും പിടിച്ചാണ് മോദിയുടെ സ്വാമി വിവേകാനന്ദൻ ധ്യാനത്തിലിരുന്ന സ്ഥലത്ത് ഇരുത്തം ആരംഭിച്ചത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച വൈകിട്ട് വിമാനമിറങ്ങിയ മോദി കന്യാകുമാരിയിൽ ആദ്യമെത്തിയത് ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ്. പാർവതീ ദേവിയെ തൊഴുത ശേഷം വിവേകാനന്ദപ്പാറയിലേക്ക് തിരിച്ചു. സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പൂക്കളർപ്പിച്ച ശേഷം ധ്യാൻ മണ്ഡപത്തിൽ ധ്യാനം ആരംഭിക്കുകയായിരുന്നു. ഇതിന്‍റെയെല്ലാം വീഡിയോ എഎന്‍ഐ പങ്കുവച്ചിട്ടുണ്ട്. വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങളും ഏജന്‍സി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഈ വർഷം ഒമ്പതാം തവണയാണ് മോദി തമിഴ്‌നാട്ടിലെത്തുന്നത്. മോദിയുടെ വരവ് പ്രമാണിച്ച് ടൂറിസ്റ്റ് കേന്ദ്രമായ കന്യാകുമാരിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്ക് വിവേകാനന്ദപ്പാറയിലേക്ക് പ്രവേശനമില്ല. മുവ്വയിരം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. കടലിൽ നേവിയുടെയും തീരരക്ഷാ സേനയുടെയും പരിശോധനയുണ്ട്. മൂന്നു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് നിരോധമേർപ്പെടുത്തിയിട്ടുണ്ട്.