ഒരൊറ്റ കടുവയെയും കാണാനാവാതെ പ്രധാനമന്ത്രിയുടെ ജംഗിൾ സഫാരി; പഴി മുഴുവൻ ഡ്രൈവർക്ക് - റിപ്പോര്‍ട്ട്

ഡ്രൈവറര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചില ബി.ജെ.പി നേതാക്കളും വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു

Update: 2023-04-13 02:34 GMT
Editor : Lissy P | By : Web Desk
Advertising

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചയാണ് ജംഗിൾ സഫാരി നടത്തിയത്. മോദി ജംഗിൾ സഫാരി നടത്തിയതിന്റെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഞായറാഴ്ച രാവിലെ 7.15 മുതൽ 9.30 വരെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ 22 കിലോമീറ്ററാണ് ജംഗിൾ സഫാരി നടത്തിയത്. എന്നാൽ ഈ സമയത്തിനുള്ളിൽ ഒരു കടുവയോ പുലിയോ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. മോദിക്ക് കടുവയെ കാണാൻ സാധിക്കാത്തതിന് പഴി മുഴുവൻ ഡ്രൈവറായ മധുസൂദനനാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ചില ബിജെപി നേതാക്കളും വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി അഞ്ചുദിവസം മുമ്പ്  സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി), ലോക്കൽ പൊലീസ്, നക്സൽ വിരുദ്ധ സേന തുടങ്ങിയവർ ആ റൂട്ടിൽ സഞ്ചരിച്ചിരുന്നു. ഇതുകാരണമാകും കടുവയും പുലിയും ആ ഭാഗത്തേക്ക് എത്താതിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് മുമ്പുള്ള അഞ്ച് ദിവസങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കടുവകളെ കണ്ടെത്താൻ കഴിഞ്ഞതായി ഒരു മുതിർന്ന ബിടിആർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ ടീമിലെ അംഗങ്ങൾ കടുവകളുടെയും പുലിയുടേയും ചിത്രങ്ങളും എടുത്തതായി റിപ്പോർട്ടുണ്ട്.

എന്നാൽ പ്രധാനമന്ത്രിക്ക് കടുവകളുടെ കാൽപ്പാടുകൾ മാത്രമാണ് കണ്ടെത്താനായത്. 40 ഓളം ആനകളും 20-30 കാട്ടുപോത്തുകളും 30 ഓളം മാനുകളും മറ്റ് വന്യജീവികളും അടങ്ങുന്ന ഒരു കൂട്ടത്തെ മോദിക്ക് കാണാൻ കഴിഞ്ഞിരുന്നു. സന്ദർശനത്തിന്റെ തലേദിവസം സുരക്ഷാ പരിശോധന നടത്താത്തത് കൊണ്ടാണ് അത്രയെങ്കിലും കാണാൻ സാധിച്ചതെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, കടുവകളെ കാണാത്തതിൽ പ്രധാനമന്ത്രി ബിടിആർ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു.

അതേസമയം,പ്രധാനമന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയെന്ന വാർത്തകൾ തെറ്റാണെന്ന്  ബിടിആർ ഡയറക്ടർ രമേഷ് കുമാർ പറഞ്ഞു.ഡ്രൈവർ തെറ്റുകാരനല്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷ നിർത്തി തെരഞ്ഞെടുത്ത റൂട്ടിൽ മാത്രം വാഹനങ്ങൾ പലവട്ടം സഞ്ചരിച്ചതും മൃഗങ്ങളെ കാണുന്നതിന് തടസമായെന്നും അദ്ദേഹം വ്യക്തമാക്കി.

ജംഗിൾ സഫാരിക്കിടെ വന്യ മൃഗങ്ങളെ കാണാൻ കഴിയുന്നത് ഭാഗ്യം മാത്രമാണെന്ന് ഡ്രൈവർ മധുസൂദനൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സുരക്ഷാ സംഘങ്ങൾക്കായി വെള്ളി, ശനി ദിവസങ്ങളിൽ ട്രയൽ റൺ നടത്തിയപ്പോൾ രണ്ട് കടുവകളെയാണ് കണ്ടത്. പക്ഷേ പ്രധാനമന്ത്രിക്ക് കടുവകളെ കാണാൻ സാധിച്ചില്ല. എനിക്ക് കിട്ടിയ നിർദേശമനുസരിച്ചാണ് താൻ പ്രധാനമന്ത്രിയെയും കൊണ്ട് വാഹനമോടിച്ചതെന്നും എന്റെ എല്ലാ ശ്രദ്ധയും അദ്ദേഹത്തിന്റെ സുരക്ഷയിലായിരുന്നെന്നും ഡ്രൈവർ പറയുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News