നരേന്ദ്ര മോദി ഹിന്ദുവല്ലെന്ന് ലാലു പ്രസാദ് യാദവ്
രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണെന്ന് ആർ.ജെ.ഡി ജൻ വിശ്വാസ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
പട്‌ന: ജൻ വിശ്വാസ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. നരേന്ദ്ര മോദി ഹിന്ദുവല്ലെന്ന് ലാലു ആരോപിച്ചു. ഹിന്ദുമതത്തിൽ അമ്മയോ അച്ഛനോ മരിച്ചാൽ താടിയും മുടിയും നീക്കം ചെയ്യുന്ന ആചാരമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മ മരിച്ചപ്പോൾ അദ്ദേഹം അത് ചെയ്തില്ലെന്നും അദ്ദേഹം ഹിന്ദുവല്ലെന്നുമായിരുന്നു ലാലുവിന്റെ വിമർശനം.
നിതീഷ് കുമാറിനെതിരെയും ലാലു വിമർശനമുന്നയിച്ചു. നിതീഷ് കുമാർ നിലപാടുകളില്ലാത്ത വ്യക്തിയാണെന്നും അതിന് ഉദാഹരണമാണ് അദ്ദേഹം വീണ്ടും എൻ.ഡി.എയിലേക്ക് കൂറുമാറിയതെന്നും ലാലു പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനമായാണ് ആർ.ജെ.ഡി ജൻ വിശ്വാസ് മഹാറാലി സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ലെന്നും മുതലാളികമാർക്ക് വേണ്ടി മാത്രമാണ് നരേന്ദ്ര മോദി നിലകൊള്ളുന്നതെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയേയും ആർ.എസ്.എസിനേയും ഭയമില്ലെന്നും രാജ്യത്തിന് വേണ്ടി മരിക്കാനും താൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്ക ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും റാലിയിൽ പങ്കെടുക്കുന്നുണ്ട്.