മോദി മൈതാനത്ത് ഫൈനലിന് മോദി എത്തും

ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിനെയും ഇന്ത്യ ഫൈനൽ കാണാനായി ക്ഷണിച്ചിട്ടുണ്ട്

Update: 2023-11-17 13:46 GMT
Advertising

അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ആസ്ത്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു മത്സരം നടക്കുന്നത്. ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിനെയും ഇന്ത്യ ഫൈനൽ കാണാനായി ക്ഷണിച്ചിട്ടുണ്ട്.  ഈ വർഷം ആദ്യം നടന്ന ഇന്ത്യ- ആസ്ത്രേലിയ ടെസ്റ്റ് മത്സരം കാണാൻ നരേന്ദ്ര മോദിയും ആന്‍റണി ആൽബനീസും എത്തിയിരുന്നു.



ഫൈനലിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ സംഘത്തിന്റെ നേതൃത്വത്തിൽ ആകാശ ദൃശ്യവിസ്മയം അരങ്ങേറും. അൽബേനിയൻ-ഇംഗ്ലീഷ് പോപ്പ് ഗായിക ദുവ ലിപയുടെ സംഗീതപരിപാടിയും കലാശപ്പോരിന് കൊഴുപ്പേകുമെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചു.

നേരത്തെ ഇതേ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനു മുന്നോടിയായും സംഗീത പരിപാടികളും ദൃശ്യവിരുന്നും ഒരുക്കിയിരുന്നു. അരിജിത് സിങ്, സുനിധി ചൗഹാൻ, ശങ്കർ മഹാദേവൻ, സുഖ്വീന്ദർ സിങ് തുടങ്ങിയ സെലിബ്രിറ്റികളാണു പരിപാടിയിൽ അണിനിരന്നത്.

മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യറും സെഞ്ച്വറി അടിച്ച മത്സരത്തിൽ 398 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കിവി ഇന്നിങ്സ് 327 റൺസിൽ ഒതുങ്ങി. ഏഴു വിക്കറ്റുമായി വാങ്കെഡെയിൽ നിറഞ്ഞാടുകയായിരുന്നു മുഹമ്മദ് ഷമി.


വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഐസിസി ടൂർണമെൻറുകളിലെ ഏഴാം ഫൈനലാണ് കളിക്കാൻ പോകുന്നത്. നിലവിൽ യുവരാജിന്റെ പേരിലുള്ള റെക്കോർഡിൽ ഇതോടെ ഇവരും പങ്കാളികളാകും. ലോകകപ്പ് ഫൈനൽ കൂടി വിജയിച്ചാൽ നായകനായി തുടർച്ചയായ 11 വിജയങ്ങളെന്ന ഏകദിന റെക്കോർഡിൽ എംഎസ് ധോണിക്കൊപ്പം രോഹിത് ശർമയുമെത്തും. 120 സ്‌ട്രൈക്ക് റൈറ്റോടെ ഒരു ലോകകപ്പ് എഡിഷനിൽ 500 റൺസ് തികയ്ക്കുന്ന ഏകതാരമായി രോഹിത് ശർമ മാറിയിരിക്കുകയാണ്.

രണ്ടാമത്തെ സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ആസ്ട്രേലിയ 212 റൺസിൽ എറിഞ്ഞിട്ടു. 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയും ചെയ്താണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്. 



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News