മോദിയുടെ രാഷ്ട്രീയ ചരിത്രം ഹിന്ദു-മുസ് ലിം തർക്കത്തെ അടിസ്ഥാനമാക്കിയുള്ളതാണ്; ദ്വിഗ് വിജയ് സിങ്

ഇവിഎം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയിൽ താൻ തൃപ്തനല്ലെന്നും സിങ്

Update: 2024-05-05 09:32 GMT
Advertising

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്. മോദിയുടെ രാഷ്ട്രീയ ചരിത്രം ഹിന്ദു-മുസ്ലിം തർക്കത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ നിന്ന് ആർക്കാണ് നേട്ടമെന്ന് ആത്മാപരിശോധന നടത്തണമെന്നും ദ്വിഗ് വിജയ് സിങ് പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ (ഇവിഎം) സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ താൻ തൃപ്തനല്ലെന്നും മധ്യപ്രദേശിലെ രാജ്ഘർ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ സിങ് തെരഞ്ഞെടുപ്പ് റലിയിൽ പ്രസംഗിക്കവെയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്. മൂന്നാം ഘട്ടമായ മേയ് ഏഴിനാണ് രാജ്ഘറിൽ വോട്ടെടുപ്പ് നടക്കുക.

യഥാർത്ഥ പ്രശ്നങ്ങൾക്ക് പകരം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വോട്ട് തേടാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ ബിജെപി എവിടെയും ഉയർത്തികാണിക്കുന്നില്ലെന്നും സിങ് വിമർശിച്ചു.

'വികസനത്തിന്റെ ഗുജറാത്ത് മാതൃക' യെ സിങ് പരിഹസിച്ചു. വികസന സൂചിക (എച്ച്ഡിഐ) പരിശോധിച്ചാൽ രാജ്യത്തെ ആദ്യ പത്തിൽപ്പോലും ഗുജറാത്ത് ഉൾപ്പെട്ടിട്ടില്ലെന്ന് കാണാൻ കഴിയും. ഇതാണൊ ഗുജറാത്ത് മോഡൽ എന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ ഇ.വി.എമ്മുകൾക്ക് പങ്കുണ്ടെന്ന് ഞൻ വിശ്വസിക്കുന്നു. ഇവിഎം സംബന്ധിച്ച സുപ്രീം കോടതിയുടെ സമീപകാല വിധിയിൽ താൻ തൃപ്തനല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അതിനെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്നും പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരികെ പോകണമെന്നുമുള്ള ഹരജി ഏപ്രിൽ 26ന് സുപ്രീം കോടതി തള്ളിയിരുന്നു. സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.

ഇവിഎമ്മിൽ ശരിയായ സ്ഥലത്ത് വോട്ട് രേഖപ്പെടുത്തുന്നത് പോലും ജനങ്ങൾക്ക് അറിയില്ലെന്നും, 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞത് ഇതുകൊണ്ടാണെന്നും സിങ് പറഞ്ഞു.

ബിജെപിയുടെ സിറ്റിങ് എംപി റോഡ്മൽ നഗറിനെയാണ് സിങ് നേരിടുന്നത്. 1984ലും 1991ലും സിങ് വിജയിച്ചിരുന്നു. രാജ്ഘർ മണ്ഡലത്തിൽ 9,60,505 പുരുഷന്മാരും 9,09,409 സ്ത്രീകളും 23 മൂന്നാം ലിംഗക്കാരും ഉൾപ്പെടെ 18,69,937 വോട്ടർമാരുണ്ട്.

 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News