രാജ്യത്തെ പകുതി യുവാക്കളും പറയുന്നു 'പണം അതാണെല്ലാം'
15 നും 25 നുമിടക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ രാജ്യത്തെ പ്രധാനപ്പെട്ട 50 നഗരങ്ങളിലാണ് പഠനം നടത്തിയത്
രാജ്യത്തെ പകുതിയോളം യുവാക്കള്‍ പണമാണ് ജീവിതത്തിന്‍റെ അടിസ്ഥാനം എന്ന് വിശ്വസിക്കുന്നവരാണെന്ന് പഠനം. എം.ടിവി നടത്തിയ പഠനത്തിലാണ് രാജ്യത്തെ 46% യുവാക്കള്‍ പണമാണ് ജീവിതത്തിൻ്റെ എല്ലാം എന്ന് വിശ്വസിക്കുന്നതായി പറയുന്നത്. 2019 ലേയും 2020 ലേയും കണക്കുകളെ അപേക്ഷിച്ച് ഇരട്ടിയാണിത്. 15 നും 25 നുമിടക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ രാജ്യത്തെ പ്രധാനപ്പെട്ട 50 നഗരങ്ങളിലാണ് പഠനം നടത്തിയത്.
അര്‍ത്ഥവത്തായ ജീവിതം നയിക്കുന്നതിനേക്കാള്‍ ധനികരാവലാണ് ജീവിതത്തിന്‍റെ അടിസ്ഥാനം എന്നാണ് രാജ്യത്തെ 46% യുവാക്കളും വിശ്വസിക്കുന്നത് . തലമുറ മാറ്റവും പ്രൊഫഷണല്‍ ജീവിതത്തിലേക്കുള്ള യുവാക്കളുടെ തള്ളിക്കയറ്റവുമാണ് ഇങ്ങനെ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്.
കോവിഡിൻ്റെ ഒന്നാം തരംഗത്തില്‍ നടത്തിയ പഠനത്തില്‍ മാറുന്ന കാലത്തെ എങ്ങനെയാണ് രാജ്യത്തെ യുവാക്കള്‍ സമീപിക്കുന്നത് എന്നാണ് അന്വേഷിക്കുന്നത്. കരിയറില്‍ പണം സമ്പാദിക്കുന്നതിനെക്കുറിച്ചുള്ള വിവിധ വഴികളെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നവരാണ് രാജ്യത്തെ 76% യുവാക്കളും എന്നും പഠനം പറയുന്നു.