ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തം; മരണസംഖ്യ 100 കടന്നു, നൂറോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലേറെ പേരാണ് അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നത്
അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 100 കടന്നു. മോർബിയിൽ മച്ചു നദിക്ക് കുറുകെ ഉള്ള തൂക്കുപാലം ആണ് തകർന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലേറെ പേരാണ് അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നത്. കാണാതായ നൂറോളം പേർക്കായി തെരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പേര്‍ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
140ലേറെ വർഷം പഴക്കമുണ്ട് ഗുജറാത്തിലെ മോർബിയിൽ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിന്. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ തൂക്കുപാലം അറ്റകുറ്റ പണികൾക്ക് ശേഷം ബുധനാഴ്ചയാണ് വീണ്ടും തുറന്നത്. കഴിഞ്ഞ നാലു ദിവസമായി പാലം കാണാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്. അപകട സമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലേറെ പേർ പാലത്തിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽപ്പെട്ട് നദിയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. അടിയന്തര രക്ഷാ പ്രവർത്തനത്തിന് ഉത്തരവിട്ട പ്രധാന മന്ത്രി അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, അരവിന്ദ് കെജ്‌രിവാൾ എന്നിവർ അപകടത്തിൽ അനുശോചനം അറിയിച്ചു. ആറ് ബോട്ടുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ 3 യൂണിറ്റുകളും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ രാജ്കോട്ടിൽ നിന്നും 6 ആംബുലൻസുകളും ഗുജറാത്ത് സർക്കാർ മോർബിയിൽ എത്തിച്ചു. നിരവധി പേര്‍ തകർന്ന പാലത്തിന്‍റെ അവശിഷ്ടങ്ങളിൽ കുരുങ്ങി നദിയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അതേസമയം നവീകരണം നടത്തിയ തൂക്കുപാലം തകർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.