'അവരുടെ വേദന ഞാനുമറിയണം'; റോഡ് നന്നാക്കുന്നത് വരെ ചെരിപ്പിടില്ലെന്ന് പ്രതിജ്ഞയെടുത്ത് മന്ത്രി
റോഡിലൂടെ ചെരിപ്പിടാതെ നടന്ന മന്ത്രി കൈകൂപ്പി പൊതുജനങ്ങളോട് ക്ഷമ ചോദിച്ചു
ഗ്വാളിയോർ: തന്റെ മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുന്നതുവരെ നഗ്‌നപാദനായി നടക്കുമെന്ന് പ്രതിജ്ഞ എടുത്ത് മധ്യപ്രദേശ് ഊർജ മന്ത്രി പ്രധുമൻ സിംഗ് തോമർ. ഗ്വാളിയോറിലെ കുഴികൾ നിറഞ്ഞ റോഡുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ ജനങ്ങൾ റോഡ് തകർന്നത് മൂലം ബുദ്ധിമുട്ടുകയാണെന്നും അതിനെ കുറിച്ച് നിരന്തരം പരാതി ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.
അറ്റകുറ്റപ്പണികൾ നടത്താത്ത റോഡുകൾ മൂലം ദിവസങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും മന്ത്രിക്ക് ലഭിച്ച പരാതികളിൽ പറയുന്നു. 'കാൽനടയാത്രക്കാർ അനുഭവിക്കുന്ന വേദന എന്താണെന്ന് എനിക്കും അറിയണം. റോഡുകൾ നന്നാക്കുന്നത് വരെ അത് അനുഭവിക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു. ശോച്യാവസ്ഥയിലായ റോഡുകൾ നികത്തുമെന്ന് ഉദ്യോഗസ്ഥർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെങ്കിലും ഒരുനടപടിയുമുണ്ടായില്ലെന്നാണ് ജനങ്ങളുടെ പരാതി.
റോഡിലൂടെ ചെരിപ്പിടാതെ നടക്കുന്ന മന്ത്രി കൈകൂപ്പി പൊതുജനങ്ങളോട് ക്ഷമ ചോദിക്കുന്നതും റോഡുകളിലെ കുഴികൾ അടക്കാൻ നടപടിയെടുക്കുമെന്ന് പറയും ചെയ്തിട്ടുണ്ട്. ജോലി ഉടൻ പൂർത്തിയാകുമെന്ന് ഞാൻ ദിവസവും നിരീക്ഷിക്കുമെന്ന് മന്ത്രി എ.എന്‍.ഐയോട് പറഞ്ഞു.
നടപടിക്രമങ്ങൾ വൈകിപ്പിക്കുകയോ റോഡുകൾ നന്നാക്കാൻ നടപടിയെടുക്കാത്തതോ ആയ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മധ്യപ്രദേശ് മന്ത്രി പറഞ്ഞു.