20 കോടി തന്നില്ലെങ്കില്‍ കൊല്ലും; മുകേഷ് അംബാനിക്ക് വധഭീഷണി
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇതിനെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണിയെന്ന് പൊലീസ് പറഞ്ഞു. മുകേഷ് അംബാനിയുടെ കമ്പനിയുടെ ഐഡിയിലേക്ക് അജ്ഞാതൻ അയച്ച ഇ-മെയിലിൽ, കോടീശ്വരൻ 20 കോടി രൂപ നൽകണമെന്നും അല്ലാത്തപക്ഷം കൊല്ലുമെന്നും പറയുന്നു.
"നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്" എന്നായിരുന്നു ഇ-മെയിൽ. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇതിനെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതാദ്യമായിട്ടല്ല, മുകേഷ് അംബാനിക്ക് വധഭീഷണിയുണ്ടാകുന്നത്. കഴിഞ്ഞ വർഷം മുകേഷ് അംബാനിക്കും കുടുംബാംഗങ്ങൾക്കും വധഭീഷണി മുഴക്കിയതിന് ബിഹാറിലെ ദർബംഗയിൽ നിന്നുള്ള ഒരാൾ അറസ്റ്റിലായിരുന്നു. തൊഴില്‍രഹിതനായ രാകേഷ് കുമാര്‍ മിശ്ര എന്നയാളായിരുന്നു പ്രതി.മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയില്‍ സ്ഫോടനം നടത്തുമെന്നും പറഞ്ഞിരുന്നു. 2021ൽ മുകേഷ് അംബാനിയുടെ തെക്കൻ മുംബൈയിലെ വസതിയായ ആന്റിലിയയിൽ നിന്ന് 20 സ്‌ഫോടക ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ സ്‌കോർപിയോ കാർ കണ്ടെത്തിയിരുന്നു. ഇതൊരു ട്രെയിലര്‍ മാത്രമാണെന്നാണ് കത്തില്‍ എഴുതിയിരുന്നത്.