മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; നാല് ദിവസത്തിനുള്ളില്‍ മൂന്നാമത്തേത്, 400 കോടി വേണമെന്ന് ആവശ്യം

കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നാമത്ത വധഭീഷണിയാണ് മുകേഷിനെ തേടിയെത്തിയത്

Update: 2023-10-31 04:22 GMT
Editor : Jaisy Thomas | By : Web Desk

മുകേഷ് അംബാനി

Advertising

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നാമത്ത വധഭീഷണിയാണ് മുകേഷിനെ തേടിയെത്തിയത്.

ലോകത്തിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരിൽ ഒരാളായ അംബാനിക്ക് ഒക്ടോബർ 27 മുതൽ ഒരൊറ്റ ഇമെയിൽ ഐഡിയിൽ നിന്നാണ് തുടര്‍ച്ചയായി ഭീഷണി മെയിലുകൾ ലഭിച്ചത്. എല്ലാ ഭീഷണി ഇ-മെയിലുകളിലും പണമാണ് ആവശ്യമെന്ന് മുംബൈ പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച 20 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. "നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്" എന്നായിരുന്നു ഇ-മെയിൽ. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇതിനെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 200 കോടി നല്‍കിയില്ലെങ്കില്‍ അംബാനിയെ വെടിവച്ചു കൊല്ലുമെന്നായിരുന്നു മറ്റൊരു ഭീഷണി.

മൂന്ന് ഇ-മെയിലുകളും ഒരേ ഇ-മെയിൽ ഐഡിയിൽ നിന്നാണ് അയച്ചതെന്നും അയച്ചയാൾ ഷദാബ് ഖാൻ എന്നയാളാണെന്നും പൊലീസ് അറിയിച്ചു. ബെൽജിയത്തിൽ നിന്നാണ് ഇമെയിലുകൾ അയച്ചിരിക്കുന്നത്. വ്യാജ ഐഡി മുഖേന ഇമെയിലുകൾ അയച്ചതാകാമെന്ന ഊഹാപോഹങ്ങളോടെയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ ഇമെയിൽ ഐഡിയുടെ ആധികാരികത അന്വേഷിക്കുന്നത്.പ്രസ്തുത ഇ-മെയിൽ വിലാസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് അവർ ബെൽജിയൻ ഇമെയിൽ സേവന ദാതാക്കളുമായി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്.

ഇതാദ്യമായിട്ടല്ല, മുകേഷ് അംബാനിക്ക് വധഭീഷണിയുണ്ടാകുന്നത്. കഴിഞ്ഞ വർഷം മുകേഷ് അംബാനിക്കും കുടുംബാംഗങ്ങൾക്കും വധഭീഷണി മുഴക്കിയതിന് ബിഹാറിലെ ദർബംഗയിൽ നിന്നുള്ള ഒരാൾ അറസ്റ്റിലായിരുന്നു. തൊഴില്‍രഹിതനായ രാകേഷ് കുമാര്‍ മിശ്ര എന്നയാളായിരുന്നു പ്രതി.മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയില്‍ സ്ഫോടനം നടത്തുമെന്നും പറഞ്ഞിരുന്നു. 2021ൽ മുകേഷ് അംബാനിയുടെ തെക്കൻ മുംബൈയിലെ വസതിയായ ആന്റിലിയയിൽ നിന്ന് 20 സ്‌ഫോടക ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ സ്‌കോർപിയോ കാർ കണ്ടെത്തിയിരുന്നു. ഇതൊരു ട്രെയിലര്‍ മാത്രമാണെന്നാണ് കത്തില്‍ എഴുതിയിരുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News