മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദീഖി കോൺഗ്രസ് വിട്ടു
സിദ്ദീഖി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നയിക്കുന്ന എൻ.സി.പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
മുംബൈ: മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും മുംബൈ റീജ്യനൽ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനുമായ ബാബ സിദ്ദീഖി പാർട്ടി വിട്ടു. പാർട്ടിയുമായുള്ള 48 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം എക്‌സിൽ കുറിച്ചു. ഈ ഘട്ടത്തിൽ ഒട്ടേറെ കാര്യങ്ങൾ പറയണമെന്നുണ്ടെങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് കൂടുതൽ ഉചിതമെന്നതിനാൽ അതിന് മുതിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
I joined the Indian National Congress party as a young teenager and it has been a significant journey lasting 48 years. Today I resign from the primary membership of the Indian National Congress Party @INCIndia with immediate effect. There’s a lot I would have liked to express…
— Baba Siddique (@BabaSiddique) February 8, 2024
സിദ്ദീഖി അജിത് പവാർ നയിക്കുന്ന എൻ.സി.പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷൻ സിദ്ദീഖിക്കൊപ്പം ബാബ സിദ്ദീഖി കഴിഞ്ഞ ദിവസം അജിത് പവാറിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽനിന്ന് 1999, 2004, 2009 വർഷങ്ങളിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബാബ സിദ്ദീഖി. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധ്യക്ഷൻ ആശിശ് ഷെലാറിനോട് സിദ്ദീഖി പരാജയപ്പെടുകയായിരുന്നു.