മണിപ്പൂരിൽ ബിജെപിക്ക് മുസ്‌ലിം സ്ഥാനാർത്ഥിയും; ഒറ്റയ്ക്ക് അങ്കം നേരിടും
മണിപ്പൂരിലെ ആകെ 60 സീറ്റിലേക്കും ഇന്ന് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഒറ്റയ്ക്ക് അങ്കത്തിനിറങ്ങാൻ ബിജെപി. ആകെയുള്ള 60 സീറ്റിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ മൂന്ന് സ്ത്രീകൾ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. അതേസമയം, ഒരു മുസ്‌ലിമും പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി എൻ ബിരേൺ സിങ് സിറ്റിങ് സീറ്റും വിശ്വസ്ത മണ്ഡലവുമായ ഹെയ്ങ്ങാങ്ങിൽ തന്നെ മത്സരിക്കും. പൊതുമരാമത്ത് മന്ത്രി തോങ്ജുവിലും മുൻ ദേശീയ ഫുട്‌ബോൾ താരവും ചർച്ചിൽ ബ്രദേശ് മുൻ നായകനുമായ സോമതായ് ഷായ്‌സ ഇത്തവണയും ഉഖ്‌റുവിലും അങ്കത്തിനിറങ്ങും. മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ മിക്ക പേർക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിർത്തുമെന്ന് വാർത്താസമ്മേളനത്തിൽ ഭൂപേന്ദർ അവകാശപ്പെട്ടു. സമാധാനവും വികസനവും നിറഞ്ഞ ഭരണമാണ് കഴിഞ്ഞ ബിജെപി സർക്കാരിന്റേത്. ഇത്തവണ മുഴുവൻ സീറ്റിലും പാർട്ടി മത്സരിക്കും. ദീർഘകാലമായി ബിജെപിക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ളവർക്കാണ് കൂടുതൽ സീറ്റും നൽകിയിട്ടുള്ളത്. കായിക, ഭരണ, അക്കാദമികരംഗങ്ങളിലുള്ളവരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു.
നിലവിൽ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരാണ് മണിപ്പൂർ ഭരിക്കുന്നത്. ബിജെപിക്ക് 30 എൽഎമാരാണുള്ളത്. നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുടെ മൂന്നും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നാലും മൂന്ന് സ്വതന്ത്രന്മാരും അടങ്ങുന്നതാണ് എൻഡിഎ സർക്കാർ. ഇത്തവണ സഖ്യകക്ഷികളുടെ സഹായമില്ലാതെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി തീരുമാനം.
രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഫെബ്രുവരി 27നും രണ്ടാംഘട്ടം മാർച്ച് മൂന്നിനും നടക്കും.
Summary: The BJP released a list of its candidates to all 60 seats in the Manipur assembly elections including one Muslim candidate and only three women