'മുസ്‌ലിം സ്ത്രീകൾ 'ഖുൽഅ്'ലൂടെ വിവാഹമോചനത്തിന് കുടുംബ കോടതിയെ മാത്രമേ സമീപിക്കാവൂ': ശരീഅത്ത് കൗൺസിൽ സർട്ടിഫിക്കറ്റ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന ഖുൽഅ് സർട്ടിഫിക്കറ്റുകൾ‍ അസാധുവാണ്- കോടതി ചൂണ്ടിക്കാട്ടി.

Update: 2023-02-02 11:08 GMT
Advertising

ചെന്നൈ: മുസ്‌ലിം സ്ത്രീകൾ 'ഖുൽഅ്' സമ്പ്രദായം വഴി വിവാഹബന്ധം വേർപ്പെടുത്താൻ കുടുംബ കോടതികളെയേ സമീപിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി. ഇസ്‌ലാമിൽ ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയാണ് ഖുൽഅ്. വിവാഹമൂല്യമായി (മഹർ) വരൻ നൽകിയ മൂല്യമുളള വസ്തു തിരികെ നൽകിയാണ് ഇത് സാധ്യമാകുന്നത്.

ഇതിനായി സ്ത്രീകൾ കുടുംബ കോടതികളെയാണ് സമീപിക്കേണ്ടതെന്നും ശരീഅത്ത് കൗൺസിൽ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെയല്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. 'ഖുൽഅ്' വഴി വിവാഹമോചനം പ്രഖ്യാപിക്കാനോ സാക്ഷ്യപ്പെടുത്താനോ സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

"അവ കോടതികളോ തർക്കങ്ങൾ തീർപ്പാക്കാനുള്ള മധ്യസ്ഥ ഇടങ്ങളോ അല്ല. ഇത്തരം നടപടികളോട് കോടതികൾ എന്നും നെറ്റി ചുളിക്കുകയാണ് ചെയ്തിട്ടുള്ളത്"- ഹൈക്കോടതി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന ഖുൽഅ് സർട്ടിഫിക്കറ്റുകൾ‍ അസാധുവാണ്. ഭർത്താവിൽ അധിഷ്ഠിതമായ ത്വലാഖ് പോലെ ഭാര്യ നടത്തുന്ന വിവാഹമോചന രൂപമാണ് ഖുൽഅ്- കോടതി ചൂണ്ടിക്കാട്ടി.

തന്റെ ഭാര്യക്ക് നൽകിയ ഖുൽഅ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ബദർ സയീദ് എന്നയാളുടെ റിട്ട് ഹരജി പരി​ഗണിച്ച ജസ്റ്റിസ് സി. ശരവണൻ 2017ൽ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗൺസിൽ നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കിയാണ് വിധിന്യായം പുറപ്പെടുവിച്ചത്.

കേസിൽ 2017ൽ മദ്രാസ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതായും ഖുൽഅ് വഴി വിവാഹബന്ധം വേർപ്പെടുത്തിയതായി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് ഖാസികളേയും സ്വകാര്യ സ്ഥാപനങ്ങളേയും വിലക്കുകയും ചെയ്തിരുന്നു- വിധിയിൽ പറയുന്നു.

"1937ലെ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) പ്രകാരം ഖുൽഇലൂടെ വിവാഹബന്ധം വേർപെടുത്താനായി ഒരു മുസ്‌ലിം സ്ത്രീക്ക് തന്റെ അനിഷേധ്യമായ അവകാശങ്ങൾ വിനിയോഗിക്കാൻ ഒരു കുടുംബ കോടതിയെ സമീപിക്കാം. എന്നാൽ ജമാഅത്തിലെ കുറച്ച് അംഗങ്ങൾ ചേർന്നുണ്ടാക്കിയതുപോലുള്ള സ്വയം പ്രഖ്യാപിത സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് പോവാൻ പാടില്ല- കോടതി വ്യക്തമാക്കി.

ശരീഅത്ത് കൗൺസിൽ നൽകിയ ഖുൽഅ് സർട്ടിഫിക്കറ്റ് റദ്ദാക്കിയ കോടതി തർക്കങ്ങൾ പരിഹരിക്കാൻ തമിഴ്‌നാട് ലീഗൽ സർവീസസ് അതോറിറ്റിയെയോ കുടുംബ കോടതിയെയോ സമീപിക്കാൻ ഹരജിക്കാരനോടും ഭാര്യയോടും നിർദേശിക്കുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News