ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്‌ലിംകൾ എസ്.സി, എസ്.ടി വിഭാഗങ്ങളുടെയും പിന്നിലെന്ന് സർവേ റിപ്പോർട്ട്
യു.പിയിലാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്‌ലിംകൾ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. കേരളത്തിൽ മാത്രമാണ് മുസ്‌ലിംകൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുള്ളത്.
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്‌ലിംകൾ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെക്കാൾ പിന്നിലെന്ന് സർവേ റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് എസ്.സി വിഭാഗത്തിന്റെ പ്രാതിനിധ്യം 4.2 ശതമാനവും എസ്.ടി വിഭാഗം 11.9 ശതമാനവും ഒ.ബി.സി വിഭാഗം നാല് ശതമാനവും വർധിച്ചപ്പോൾ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം എട്ട് ശതമാനം കുറഞ്ഞെന്ന് ഓൾ ഇന്ത്യാ സർവേ ഓൺ ഹയർ എജ്യുക്കേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ചയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കം പോക്കിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. ബിരുദകാലത്ത് തന്നെ പ്രതിഭാധനരായ വിദ്യാർഥികൾ തൊഴിൽരംഗത്തേക്ക് മാറാൻ സാമ്പത്തിക പ്രതിസന്ധി പ്രേരിപ്പിച്ചെന്നും റിപ്പോർട്ട് പറയുന്നു.
ഉത്തർപ്രദേശിലാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിന്നാക്കം പോയത്. 20% മുസ്‌ലിം ജനസംഖ്യയുള്ള യു.പിയിൽ 36% കുറവാണ് ഉണ്ടായത്. ജമ്മു കശ്മീരിൽ 26%, മഹാരാഷ്ട്രയിൽ 8.5%, തമിഴ്‌നാട്ടിൽ 8.1% കുറവുണ്ടായതാണ് റിപ്പോർട്ട് പറയുന്നത്.
യു.പിയിൽ ഈ വർഷം കോളജുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ മുസ്‌ലിംകളുടെ പ്രവേശന നിരക്ക് വെറും 4.5% മാത്രമാണ്. വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതി അവകാശപ്പെടുന്ന ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയിൽ ഓരോ അഞ്ചാമത്തെ മുസ്‌ലിം വിദ്യാർഥിയും ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
മുസ്‌ലിംകൾ ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഏക സംസ്ഥാനം കേരളമാണ്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തെ മുസ്‌ലിം പ്രാതിനിധ്യം 43% ആണ്.
വിദ്യാർഥികളുടെ എണ്ണത്തിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസരംഗത്തെ അധ്യാപകരുടെ എണ്ണത്തിലും മുസ്‌ലിംകൾ വളരെ പിന്നോക്കമാണ്. അഖിലേന്ത്യാതലത്തിൽ 56% അധ്യാപകരും മുന്നാക്ക വിഭാഗക്കാരാണ്. ഒ.ബി.സി (32%), എസ്.സി (9%), എസ്.ടി (2.5%) എന്നിങ്ങനെയാണ് കണക്കുകൾ മുസ്‌ലിം പ്രാതിനിധ്യം വെറും 5.6% മാത്രമാണ്.