ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺസുഹൃത്ത് മഠാധിപതിയിൽ നിന്ന് 47 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
വീഡിയോ കോൾ വഴി സംസാരിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും മുഖം വ്യക്തമാക്കിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു
ബംഗളൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺസുഹൃത്ത് 47 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി കർണാടകയിലെ മഠാധിപതി. ബംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല കമ്പാലുവിലെ മഠാധിപതിയായ ചെന്നവീര ശിവാചാര്യ സ്വാമിയാണ് തട്ടിപ്പിനിരയായത്. ഏപ്രിൽ 30 ന് ഡോബ്ബാസ്‌പേട്ട് പൊലീസ് സ്റ്റേഷനിലാണ് ചെന്നവീര ശിവാചാര്യ സ്വാമി (31) പരാതി നൽകിയത്. എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പുവിവരം പുറംലോകം അറിഞ്ഞത്.
വർഷ എന്ന പേരിൽ മഞ്ജുള എന്ന സ്ത്രീയാണ് പണം തട്ടിയെടുത്തത്. 2020 ലാണ് വർഷയെ മഠാധിപതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടർന്ന് പരസ്പരം ഫോൺ നമ്പറുകൾ കൈമാറി. താൻ മംഗളൂരു സ്വദേശിയാണെന്നും ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുകയാണെന്നും വർഷ അവകാശപ്പെട്ടു. അനാഥനാണെന്നും തനിക്ക് ആത്മീയത ഇഷ്ടമാണെന്നും പെൺസുഹൃത്ത് സ്വാമിയോട് പറഞ്ഞിരുന്നു. ഇരുവരും ഇടക്കിടക്ക് വീഡിയോ കോൾ വഴി സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽപോലും മുഖം വ്യക്തമാക്കിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
വിദ്യാഭ്യാസത്തിന് കുറച്ച് പണം ആവശ്യമുണ്ടെന്നും വർഷ പറഞ്ഞു. തന്റെ പിതാവ് തനിക്ക് 10 ഏക്കർ ഭൂമി പതിച്ചുനൽകിയിട്ടുണ്ടെന്നും അത് മഠത്തിന് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും വിശ്വസിപ്പിച്ചു. തന്റെ സുഹൃത്ത് മഞ്ജുളയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി സ്വാമി പറയുന്നു. തുടർന്ന് 10 ലക്ഷം രൂപ ആദ്യം വർഷ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നാൽ 2022 ഒക്ടോബറിൽ വർഷ വീണ്ടും വിളിക്കുകയും വിൽപ്പത്രച്ചൊല്ലി തന്റെ ബന്ധുക്കൾ ആക്രമിച്ചെന്നും തലക്ക് ഗുരുതരമായി പരിക്കേറ്റ് ഐ.സി.യുവിലാണെന്നും അറിയിച്ചു. ചികിത്സക്കായി 37 ലക്ഷം രൂപ വേണമെന്നും പറഞ്ഞു. ഇതിനെത്തുടർന്ന് ആ പണവും അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
എന്നാൽ സംശയം തോന്നിയ സ്വാമി വർഷ ചികിത്സയിലുള്ള ആശുപത്രിയിലേക്ക് പരിചയക്കാരെ അയച്ച് അന്വേഷിപ്പിച്ചു. തുടർന്നാണ് ആ പേരിൽ അങ്ങനെയൊരാളില്ലെന്ന് മനസിലായത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന മനസിലായ മഠാധിപതി വർഷയെ വിളിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
എന്നാൽ 55 ലക്ഷം രൂപ നൽകിയില്ലെങ്കിൽ താൻ മരിക്കുമെന്നും അതിന് കാരണക്കാരൻ മഠാധിപതിയാണെന്നും എഴുതിവെക്കുമെന്നും ഭീഷണിപ്പെടുത്തി.ഇതിന് പിന്നാലെ മഞ്ജുളയടക്കം ആറ് സ്ത്രീകളും പുരുഷന്മാരും മഠത്തിലെത്തുകയും 55 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സ്വാമിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. ആരോടെങ്കിലും പരാതിപ്പെട്ടാൽ ഈ വീഡിയോ പരസ്യമാക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. സ്വാമിയുടെ കൈയിലുണ്ടായിരുന്ന 50,000 രൂപ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. സ്വാമിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.