''എന്റെ മന്ത്രിമാർക്ക് ഹിന്ദി അറിയില്ല, മിസോ അറിയാത്ത ചീഫ് സെക്രട്ടറിയെ പിൻവലിക്കണം''; അമിത് ഷായോട് മിസോറം മുഖ്യമന്ത്രി

തുടക്കംതൊട്ട് എൻഡിഎയുടെ വിശ്വസ്ത പങ്കാളിയാണ് ഞാൻ. എന്റെ ആവശ്യം നിരസിക്കപ്പെട്ടാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ പരിഹാസം ഏറ്റുവാങ്ങേണ്ടിവരും-അമിത് ഷായ്ക്ക് അയച്ച കത്തിൽ മിസോറം മുഖ്യമന്ത്രി പു സോറാംതങ്ങ

Update: 2021-11-09 11:15 GMT
Editor : Shaheer | By : Web Desk
Advertising

മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ കേന്ദ്രത്തോട് പ്രതിഷേധമറിയിച്ച് മിസോറം. മന്ത്രിമാർക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷ് തന്നെ അറിയാത്തവരുണ്ടെന്നും മിസോറം മുഖ്യമന്ത്രി പു സോറംതങ്ങ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.

മിസോ ജനങ്ങൾക്ക് ഹിന്ദി അറിയില്ല. എന്റെ മന്ത്രിസഭയിലെ ഒരാൾക്കും ഹിന്ദി മനസിലാകില്ല. ചിലർക്ക് ഇംഗ്ലീഷ് ഭാഷ തന്നെ അറിയില്ല. ജോലി ചെയ്യാൻ ആവശ്യമായ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിക്ക് ഒരിക്കലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകില്ല. ഇതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ രൂപീകരണംതൊട്ട് മിസോ ഭാഷ അറിയാത്ത ഒരാളെയും ഇതുവരെ ഒരു കേന്ദ്രസർക്കാറും മിസോറമിൽ ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടില്ല-അമിത് ഷായ്ക്ക് അയച്ച കത്തിൽ മിസോറം മുഖ്യമന്ത്രി പറഞ്ഞു.

യുപിഎ, എൻഡിഎ സർക്കാരുകളുടെ കാലത്തെല്ലാം ഈ കീഴ്‌വഴക്കം പിന്തുടർന്നുവന്നിട്ടുണ്ടെന്നും പു സോറാംതങ്ങ അമിത് ഷായെ ഓർമിപ്പിച്ചു. തന്റെ പാർട്ടി എൻഡിഎയുടെ വിശ്വസ്ത സഖ്യകക്ഷിയാണെന്നും അതിനാൽ അപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടക്കംതൊട്ട് ഇതുവരെയും എൻഡിഎയുടെ വിശ്വസ്ത പങ്കാളിയായി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒരേയൊരാളാണ് താൻ. ഈ ആവശ്യം നിരസിച്ചാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ പരിഹാസം ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ രേണു ശർമയെ കഴിഞ്ഞ മാസം 28നാണ് പുതിയ മിസോറം ചീഫ് സെക്രട്ടറിയായി കേന്ദ്രം നിയമിച്ചത്. ഇതേദിവസം അഡിഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ജെസി രാംതങ്കയ്ക്ക് മിസോറം സർക്കാർ ചീഫ് സെകട്ടറിയുടെ ഉത്തരവാദിത്തവും നൽകിയിരുന്നു. ഡൽഹിയിൽനിന്ന് സ്ഥലംമാറിയാണ് രേണു മിസോറമിലെത്തുന്നത്. ലാനുൻമാവിയ ചുവാഗോ  വിരമിച്ച ഒഴിവിലായിരുന്നു പുതിയ നിയമനം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News