"അമ്മ സൺസ്‌ക്രീൻ കൊടുത്തുവിട്ടിരുന്നു, ഞാനത് ഉപയോഗിച്ചിട്ടില്ല"; ഭാരത് ജോഡോക്കിടെ സൂര്യാഘാതമേറ്റതിനെ കുറിച്ച് രാഹുൽ ഗാന്ധി
സൂര്യപ്രകാശമുള്ള നിങ്ങളുടെ മുഖത്ത് സൺസ്‌ക്രീനിന്റെ ആവശ്യമില്ലെന്നായിരുന്നു ഒരു യുവാവിന്റെ പ്രതികരണം
ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ 'ഭാരത് ജോഡോ യാത്ര' കർണാടകയിൽ പ്രയാണം തുടരുകയാണ്. പൊതുജനങ്ങളും രാഹുലും തമ്മിലുള്ള സംവാദങ്ങളാണ് യാത്രയിൽ ഏറെ ശ്രദ്ധ നേടുന്നത്. കടുത്ത വെയിലും മഴയും വകവെക്കാതെ കന്യാകുമാരി മുതൽ കശ്മീർ വരെ 3,570 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര കോൺഗ്രസ് പ്രവർത്തകർക്കും ആവേശമാണ്. ഇപ്പോഴിതാ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കർണാടകയിലെ പ്രദേശവാസികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രാഹുൽ.
സൂര്യഘാതം ഏൽക്കുന്നത് എങ്ങനെയാണ് ഒഴിവാക്കുന്നത് എന്ന ചോദ്യത്തോട് 'നോ സൺസ്‌ക്രീൻ' എന്ന് പുഞ്ചിരിയോടെ രാഹുൽ മറുപടി പറഞ്ഞു. അമ്മ കൊടുത്തുവിട്ടിരുന്നുവെന്നും എന്നാൽ താനത് ഉപയോഗിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
വെയിലേറ്റ് ചർമത്തിലുണ്ടായ നിറവ്യത്യാസവും രാഹുൽ പ്രദേശവാസികൾക്ക് മുന്നിൽ കാണിച്ചു. സൂര്യപ്രകാശമുള്ള നിങ്ങളുടെ മുഖത്ത് സൺസ്‌ക്രീനിന്റെ ആവശ്യമില്ലെന്നായിരുന്നു ഒരു യുവാവിന്റെ പ്രതികരണം.
അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടകയിലെ ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവെച്ചിരുന്നു. രാഹുൽ ഗാന്ധിക്കും ജോഡോ യാത്രയിലെ അംഗങ്ങളായ പ്രതിനിധികൾക്കും വോട്ട് രേഖപ്പെടുത്താൻ കർണാടകയിലെ ബെല്ലാരിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പോളിങ് ബൂത്ത് ഒരുക്കിയിരുന്നു.