എന്‍റെ ഭരണം ജംഗിള്‍ രാജായിരുന്നില്ല; ലാലു പ്രസാദ് യാദവ്
അത് ദരിദ്രരുടെ ഭരണമായിരുന്നു. കഴിഞ്ഞ ലോക്സഭയിലും നിയമസഭാ തെരഞ്ഞെടുപ്പിലും എനിക്ക് ജയിലില്‍ നിന്ന് പുറത്തുവന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു
എതിരാളികള്‍ പറഞ്ഞിരുന്നതുപോലെ തന്‍റെ ഭരണം ജംഗിള്‍ രാജ് ആയിരുന്നില്ലെന്ന് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാ ദള്‍ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ലാലു പാര്‍ട്ടിയുടെ 25-ാം സ്ഥാപക ദിനം തിങ്കളാഴ്ച ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
എതിരാളികള്‍ പ്രചരിപ്പിച്ചത് പോലെ എന്‍റെ ഭരണകൂടം ജംഗിള്‍ രാജ് ആയിരുന്നില്ല. അത് ദരിദ്രരുടെ ഭരണമായിരുന്നു. കഴിഞ്ഞ ലോക്സഭയിലും നിയമസഭാ തെരഞ്ഞെടുപ്പിലും എനിക്ക് ജയിലില്‍ നിന്ന് പുറത്തുവന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ കഴിഞ്ഞില്ല. നമ്മള്‍ പിന്നോട്ട് പോകാന്‍ പോകുന്നില്ല. രാഷ്ട്രീയ എതിരാളികളുടെ സമ്മര്‍ദ്ദവും ഗൂഢാലോചനകളും നേരിടേണ്ടിവരില്ലെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ജെഡിയുടെ ഭാവി വളരെ ശോഭനമായതിനാല്‍ നമ്മള്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും, 'തേജസ്വി നിരാശപ്പെടരുത്.' ലാലുപ്രസാദ് പറഞ്ഞു.
തേജസ്വി യാദവും റാബ്രി ദേവിയും എന്നെ ഡല്‍ഹിയിലെ എയിംസിലേക്ക് കൊണ്ടുപോയില്ലായിരുന്നുവെങ്കില്‍ ഞാന്‍ റാഞ്ചിയില്‍ വച്ച് മരിക്കുമായിരുന്നു. ഞാന്‍ ഉടന്‍ പട്‌നയില്‍ വന്ന് എല്ലാവരേയും കാണാന്‍ സംസ്ഥാനപര്യടനം നടത്തും, ''അദ്ദേഹം പറഞ്ഞു. കര്‍ഷകരും യുവാക്കളും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളും ''പതിവ് പരിശീലനം'' നേടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍ജെഡിക്ക് മാത്രമേ കഴിയൂ എന്ന് ആളുകള്‍ വിശ്വസിക്കുന്നു. '
നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെയും ലാലു പ്രസംഗത്തില്‍ ആഞ്ഞടിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ വ്യാപകമായ അഴിമതിയും ദുരുപയോഗവും നടക്കുന്നു. ബിഹാറില്‍ എല്ലാ ദിവസവും നാല് കൊലപാതകങ്ങളെങ്കിലും നടക്കുന്നു. ലക്ഷക്കണക്കിന് ആളുകളെ തൊഴിലില്ലാത്തവരും കുടിയേറ്റ തൊഴിലാളികളുമാക്കി മാറ്റിയെന്ന് ലാലു ആരോപിച്ചു.