എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ മേധാവി
നേരത്തെ ചീഫ് എക്സിക്യൂട്ടീവായി തുർക്കിയിലെ ഇൽസർ ഐസിയെ നിയമിച്ചെങ്കിലും അത് വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു
ടാറ്റാ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യ മേധാവിയായി നിയമിച്ചു. നേരത്തെ ചീഫ് എക്സിക്യൂട്ടീവായി തുർക്കിയിലെ ഇൽസർ ഐസിയെ നിയമിച്ചെങ്കിലും അത് വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.എയർ ഇന്ത്യക്ക് പ്രൊഫഷണൽ സി.ഇ.ഒയെ കണ്ടെത്തുകയാണ് ചന്ദ്രശേഖരനു മുന്നിലെ പ്രധാന ദൗത്യം.
68 വർഷത്തെ ഇടവേളയ്ക്കുശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലെത്തിയിരിക്കുകയാണ്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഒട്ടനവധി മാറ്റങ്ങൾക്കും തുടക്കമിട്ടിരിക്കുന്നു.
നേരത്തെ ടാറ്റാ സൺസ് കമ്പനിക്കു കീഴിൽ ഒരു ഉപവിഭാഗമായി ടാറ്റ എയർലൈൻസ് എന്ന പേരിലായിരുന്നു ഇന്ത്യയുടെ ആദ്യ വിമാനകമ്പനി പ്രവർത്തിച്ചിരുന്നത്. 1946ലാണ് ടാറ്റ എയർലൈൻസിനെ സ്വതന്ത്രമായ കമ്പനിയാക്കാൻ ടാറ്റ തീരുമാനിച്ചത്. ഈ സമയത്താണ് കമ്പനിക്ക് സ്വതന്ത്രമായൊരു പേരിടുന്നതിനെക്കുറിച്ചും ചർച്ച വന്നത്. തുടർന്നാണ് ടാറ്റ എയർലൈൻസിന് എയർ ഇന്ത്യ എന്ന പേരിടുന്നത്.