വഖഫ് ബില്ലിനെ എതിർക്കുമെന്ന് എൻ.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും
ഇരുപാർട്ടികളും ബില്ലിനെ എതിർക്കുമെന്ന് ഉറപ്പ് നൽകിയെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ്
ഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ തെലുഗുദേശം പാർട്ടിയും ജനതാദൾ യുവും എതിർക്കുമെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ്. വഖഫ് ബില്ലിനെ എതിർക്കുമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ഉറപ്പ് നൽകിയെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ് അധ്യക്ഷൻ ഖാലിദ് സെയ്ഫുള്ള റഹ്മാനി പറഞ്ഞു.
ബില്ല് പാസാക്കുന്നതിൽ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും നിലപാട് നിർണായകമാണ്. ഇരുപാർട്ടികളുടെ നേതാക്കളുമായി മുസ്‍ലിം വ്യക്തി നിയമ ബോർഡും വിവിധ മുസ്‍ലിം സംഘടനകളും ചർച്ച നടത്തിയിരുന്നു. ആ ചർച്ചകൾക്കൊടുവിലാണ് ബില്ലിനെ അനുകൂലിക്കില്ലെന്ന് രണ്ട് പാർട്ടികളും അറിയിച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ ബില്ലിനെ അനുകൂലിക്കരുതെന്ന് എൻ.ഡി.എയിലെ ഘടകകക്ഷികളെയും പ്രതിപക്ഷ പാർട്ടികളെയും അറിയിച്ചിട്ടുണ്ടെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് അറിയിച്ചു. വിവിധ രാഷ്ട്രിയ പാർട്ടികളുമായി വ്യക്തി നിയമ ബോർഡും വിവിധ സംഘടനകളും ചർച്ചനടത്തുന്നുണ്ട്.ആർ.ജെ.ഡി, ശിവസേന,ഡി.എം.കെ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ ബില്ലിനെ അനുകൂലിക്കില്ലെന്നും എതിർക്കുമെന്ന് ഉറപ്പ് നൽകിയതായും സംഘടന അറിയിച്ചു.
ബില്ലിനെതിരെ സഭയിൽ കനത്തപ്രതിഷേധവും പ്രതിഷേധപാർട്ടികൾ രംഗത്തെത്തിയതോടെ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ചിരുന്നു. ഇന്നലെ നടന്ന ജെ.പി.സിയുടെ ആദ്യ യോഗത്തിൽ ടി.ഡി.പിയും ജെ.ഡിയും ബില്ലിനെ പറ്റി പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങൾ മുഖവിലക്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.