എ.പി.ജെ അബ്ദുൽ കലാമിനെതിരെ അധിക്ഷേപകരമായ പരാമർശം; യതി നരസിംഹാനന്ദിനെതിരെ കേസ്
വിദ്വേഷം ആളിക്കത്തിക്കുന്നതും സാമുദായിക സൗഹാർദം തകർക്കുന്നതുമായ പരാമർശമാണ് നരസിംഹാനന്ദ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഗാസിയാബാദ്: വിദ്വേഷ പരാമർശങ്ങൾക്ക് കുപ്രസിദ്ധി നേടിയ യതി നരസിംഹാനന്ദിനെതിരെ വീണ്ടും കേസ്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് നരസിംഹാനന്ദിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്ന് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്ര പറഞ്ഞു.
16 സെക്കൻഡ് വീഡിയോയിൽ മുൻ രാഷ്ട്രപതിക്കെതിരെ അധിക്ഷേപകരവും വിദ്വേഷം ആളിക്കത്തിക്കുകയും സാമുദായിക സൗഹാർദത്തിന് വിഘാതം സൃഷ്ടിക്കുന്നതുമായ പരാമർശമാണ് നരസിംഹാനന്ദ് നടത്തിയതെന്ന് കമ്മീഷണർ പറഞ്ഞു. സബ് ഇൻസ്‌പെക്ടർ പ്രശാന്ത് ഗൗതമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അതേസമയം പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് നരസിംഹാനന്ദ് പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ പഴയതാണ്. ഒരേ വിഷയത്തിൽ പൊലീസ് വീണ്ടും വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.